തരംഗം എന്ന സിനിമയിലൂടെ നായിക നിരയിലേക്ക് എത്തിയ ശാന്തി ബാലചന്ദ്രൻ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ1 ചന്ദ്ര എന്ന ചിത്രത്തിലൂടെ തിരക്കഥകൃത്ത് എന്ന നിലയിലും പ്രശംസകൾ ഏറ്റുവാങ്ങുകയാണ്

തരംഗം എന്ന സിനിമയിലൂടെ നായിക നിരയിലേക്ക് എത്തിയ ശാന്തി ബാലചന്ദ്രൻ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ1 ചന്ദ്ര എന്ന ചിത്രത്തിലൂടെ തിരക്കഥകൃത്ത് എന്ന നിലയിലും പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. ലോകയിലൂടെ എഴുത്തുകാരി എന്ന നിലയിലും സംഭവ വിവരണം നാലര സംഘത്തിലൂടെ അഭിനേത്രി എന്ന നിലയിലും ബൈ ബൈ ബൈപാസ് എന്ന നാടകത്തിന് കിട്ടുന്ന സ്വീകാര്യതയും സന്തോഷം നൽകുന്നുവെന്നും ക്രീയേറ്റിവ് സൈഡിൽ അത്രയധികം സംതൃപ്‍തി തരുന്ന ഒരു സമയമാണ് ഇപ്പോഴെന്ന് ശാന്തി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട്‌ പറഞ്ഞു.

'കിങ്ങിണി എന്ന പേരിൽ തന്നെയാണ് ഞാൻ ആദ്യം ആകർഷിച്ചത്. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ കിങ്ങിണി എന്റെ ഫിലിമോഗ്രഫിയിൽ വേണമെന്ന് ഉറപ്പിക്കുകയായിരുന്നു. നാലര സംഘത്തിനൊപ്പം മുന്ന് കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കിങ്ങിണി എന്നത് വളരെയധികം എക്സ്സൈറ്റ് ചെയ്യിപ്പിച്ച ഒന്നായിരുന്നു. കൃഷാന്ദിനൊപ്പം വർക്ക് ചെയ്യണമെന്ന് നേരത്തെ ആഗ്രഹമുണ്ടായിരുന്നു. നാലരസംഘം പോലെ കളർ ഫുൾ പടത്തിന്റെ ഭാഗമായത് തന്നെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. കൃഷാന്ദിനൊപ്പം ചെയുമ്പോൾ ആർട്ടിസ്റ്റുമാരുടെ അഭിപ്രായങ്ങളെല്ലാം എടുക്കുന്ന ഒരു മേക്കറാണ്. എല്ലാം കൊണ്ടും ക്രീയേറ്റീവ് സൈഡ് സന്തോഷം നൽകുന്നുണ്ട്. ലോകയുടെ വിജയവും ഒപ്പം റോഷൻ മാത്യൂസ് ഒരുക്കിയ ബൈ ബൈ ബൈപാസ് എന്ന നാടകത്തിലും ഒരു വേഷം ചെയ്യാൻ സാധിച്ചു. മറ്റു നാടകങ്ങൾക്ക് കിട്ടുന്ന സ്വീകാര്യതയേക്കാൾ ഒരു സ്പേസ് ഞങ്ങളുടെ പ്ലേയ്ക്ക് കിട്ടി. ഒരുപാട് ഷോ ചെയ്യാൻ സാധിച്ചു. എ വെരി നോർമൽ ഫാമിലി എന്ന ഒരു നാടകം നേരത്തെ ആ ടീമിനൊപ്പം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കിങ്ങിണിയ്ക്ക് ഇപ്പോൾ കിട്ടുന്ന കൈയടിയ്ക്കും സന്തോഷമുണ്ട്. സ്കൂൾ കാലഘട്ടവും പ്രണയവും പിന്നീട് ടീനേജിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റവുമെല്ലാം നല്ല രസായി എഴുതി വച്ചിട്ടുണ്ടായിരുന്നു. അത് മനോഹരമായി ചെയ്യാനും സാധിച്ചെന്ന് കരുതുന്നു. ' - ശാന്തിയുടെ വാക്കുകൾ.

എന്റെ രാഷ്ട്രീയം എന്റെ സിനിമകളിലുണ്ട് - കൃഷാന്ത് | KRISHAND | THE CHRONICLES OF THE 4.5 GANG

നാലര സംഘത്തിലെ അരിക്കുട്ടന്റെ കാമുകി കിങ്ങിണിയുടെ വേഷമാണ് ശാന്തി അവതരിപ്പിച്ചത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ1 ചന്ദ്ര എന്ന ചിത്രത്തിന്റെ തിരക്കഥകൃത്ത് കൂടിയാണ് ശാന്തി. ജല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഹാ തുടങ്ങിയ ചിത്രങ്ങളിലും ശാന്തി പ്രധാന വേഷങ്ങളിലെത്തിയിരുന്നു.