സര്‍ക്കാര്‍ വിദ്യാലയത്തില്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകര്‍ 'പൊളിച്ചേനെ' എന്ന് പറയുന്നു സന്തോഷ് പണ്ഡിറ്റ്. ഇതുവരെ ഒരു മെഡിക്കല്‍ കോളെജ് ഇല്ലാത്ത ജില്ലയാണ് വയനാട് എന്ന കാര്യം ഊന്നിപ്പറയുകയും ചെയ്യുന്നു അദ്ദേഹം.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

പാമ്പുകടിയേറ്റ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച നമ്പര്‍ വണ്‍ കേരളത്തിലെ ഒരു 'ഹൈടെക്' സ്‌കൂളിന്റെ അവസ്ഥയും ചികിത്സയ്ക്കായി കൊണ്ടു പോയപ്പോള്‍ ആശുപത്രിയിലെ പരിമിതികളും അദ്ധ്യാപകന്റെ ചിന്തയും നാം കണ്ടുകഴിഞ്ഞു. പാവം വയനാട്ടുകാര്‍ക്ക് ഇത്രകാലമായിട്ടും സ്വന്തമായിട്ട് ഒരു മെഡിക്കല്‍ കോളെജ് പോലുമില്ല. (നമ്പര്‍ വണ്‍ കേരളത്തിലെ ഒരു ജില്ല തന്നെയാണ് വയനാട്)

സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ പൊളിച്ചേനെ. ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളെയും ആശുപത്രികളെയും കണക്കറ്റ് പരിഹസിച്ചേനെ. എന്തിന് ഒരു മെഡിക്കല്‍ കോളെജ് പോലുമില്ലാത്ത ജില്ലയെ കളിയാക്കിയേനെ. പക്ഷേ ഇതിപ്പോള്‍ കേരളത്തിലായിപ്പോയി. ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാനും വയ്യ. കഷ്ടം..

(വാല്‍ക്കഷണം: കേരളം മുഴുവനും ബാറും പബ്ബും ഉണ്ടാക്കുകയും കോടികള്‍ മുടക്കി വനിതാ മതില്‍ കെട്ടുകയും ചെയ്യുന്നതിനോടൊപ്പം അര ചാക്ക് സിമെന്റ് വാങ്ങിച്ച് ആ ക്ലാസിലെ മാളങ്ങള്‍ അടച്ചിരുന്നുവെങ്കില്‍ ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. കുഞ്ഞു പെങ്ങളെ, ആദരാഞ്ജലികള്‍)