സാന്ത്വനം പരമ്പരയോടുള്ള തങ്ങളുടെ ഇഷ്‍ടം വെളിപ്പെടുത്തി താരങ്ങള്‍

തുടങ്ങി ആദ്യാവസാനം വരെ ഒരു ആര്‍ട്ടിസ്റ്റും പിന്മാറുകയോ നിര്‍ത്തി പോകുകയോ ചെയ്യാത്ത മലയാളത്തിലെ അപൂര്‍വ്വം പരമ്പരകളില്‍ ഒന്നായിരുന്നു സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡ്യന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയ സാന്ത്വനം മലയാളത്തിലെത്തിയപ്പോള്‍ തുടക്കം മുതലേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം സാന്ത്വനം താരങ്ങളെല്ലാം റീ യൂണിയൻ എന്ന പേരിൽ പോസ്റ്റ്‌ ചെയ്ത ചിത്രം വൈറലായിരുന്നു. ഒരിക്കൽ കൂടി എല്ലാവരും ഒന്നിച്ച് കൂടിയതിന്‍റെ ചിത്രമാണ് താരങ്ങൾ പങ്കുവെച്ചത്.

ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് അഭിമുഖം നൽകാനായിരുന്നു എല്ലാവരും ഒത്തുകൂടിയതെന്ന് പറയുകയാണ് താരങ്ങൾ. സാന്ത്വനത്തിലെ അപ്പുവിന്റെയും (രക്ഷ ദല്ലു), അഞ്ജലിയുടെയും (ഗോപിക അനില്‍), ശിവന്റെയും (സജിന്‍), കണ്ണന്റെയും (അച്ചു സുഗദ്) ബാലേട്ടന്റെയുമെല്ലാം (രാജീവ് പരമേശ്വരന്‍) പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. വർഷത്തിലെപ്പോഴെങ്കിലും ഒന്നിച്ച് കൂടണമെന്ന് പറഞ്ഞിരുന്നു, അതിത്ര നേരത്തെ ആയതിൽ സന്തോഷമെന്ന് താരങ്ങൾ പറയുന്നു.

"സാന്ത്വനത്തിൽ വീട് തന്നെയായിരുന്നു പ്രധാന ലൊക്കേഷൻ. ലാസ്റ്റ് ഷോട്ട് എന്റെയും അച്ചുവിന്റെയുമായിരുന്നു. അതും കഴിഞ്ഞ് വീട്ടിൽ നിന്ന് ഓരോ സാധനങ്ങൾ ഇറക്കികൊണ്ട് ഇരിക്കുകയാണ്. മൂന്നര വർഷം ഉണ്ടായിരുന്ന സ്ഥലമാണ്. ഞാനും അച്ചുവും ആ വീടിന്റെ എല്ലാ മുറികളിൽ കൂടിയും വീടിനു ചുറ്റും നടന്നു. തിരികെ വന്ന് കാലിയായ വീടിന്റെ ഉമ്മറത്ത് കുറെ സമയം ഇരുന്നു". ഏറെ വൈകാരികമായ നിമിഷമായിരുന്നു അതെന്ന് സജിൻ പറയുന്നു.

അവസാന ദിവസങ്ങളിലേക്ക് എത്തിയപ്പോൾ കൂടുതൽ സങ്കടമായെന്നും ഒന്നിച്ചിരിക്കാൻ കൂടുതൽ സമയം കണ്ടെത്തിയെന്നും താരങ്ങൾ പറയുന്നു. ശിവജ്ഞലിയെ മിസ് ചെയ്യുന്നു, നിങ്ങളെ ഒരിക്കൽക്കൂടി കണ്ടതിൽ വലിയ സന്തോഷം എന്നിങ്ങനെ നീളുന്നു സാന്ത്വനം ആരാധകരുടെ കമന്റുകൾ.

ALSO READ : 'അഞ്ചക്കള്ളകോക്കാന്‍' മാത്രമല്ല, മലയാളത്തില്‍ നിന്ന് ഈ വാരം അഞ്ച് സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം