അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണ് സര്‍ദാറില്‍ കാര്‍ത്തി എത്തുന്നത്

കരിയറിലെ വളര്‍ച്ചയുടെ കാലത്തിലൂടെ കടന്നുപോവുകയാണ് തമിഴ് താരം കാര്‍ത്തി. കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയിരുന്ന കൈതി കാര്‍ത്തിയുടെ താരമൂല്യവും വലിയ രീതിയില്‍ ഉയര്‍ത്തിയിരുന്നു. തമിഴ് യുവനിരയില്‍ മിനിമം ഗ്യാരന്‍റിയുള്ള താരം എന്ന പ്രതിച്ഛായയാണ് കോളിവുഡില്‍ ഇപ്പോള്‍ കാര്‍ത്തിക്ക് ഉള്ളത്. ഏറ്റവും പുതിയ ചിത്രം സര്‍ദാറും ബോക്സ് ഓഫീസില്‍ തെറ്റില്ലാത്ത പ്രതികരണം നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണ് സര്‍ദാറില്‍ കാര്‍ത്തി എത്തുന്നത്. സര്‍ദാര്‍ എന്ന് വിളിക്കപ്പെടുന്ന മുന്‍ റോ ഉദ്യോഗസ്ഥന്‍ ഏജന്‍റ് ചന്ദ്ര ബോസും അദ്ദേഹത്തിന്‍റെ മകനായ ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശും. വിജയ് പ്രകാശിന്‍റെ ഒരു രംഗമാണ് സ്നീക്ക് പീകക് വീഡിയോയായി പുറത്തെത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ സിനിമാജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ഉള്ള ചിത്രമാണ് സര്‍ദാര്‍. വിദേശ രാജ്യങ്ങളിലടക്കമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. റാഷി ഖന്നയാണ് നായിക. രജിഷ വിജയനും ബോളിവുഡ് താരം ചങ്കി പാണ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈല, സഹാന വാസുദേവന്‍, മുനിഷ്‍കാന്ത്, മുരളി ശര്‍മ്മ, ഇളവരസ്, റിത്വിക് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലൈല 16 വര്‍ഷത്തിനു ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നത്. ചങ്കി പാണ്ഡെയുടെ കോളിവുഡ് അരങ്ങേറ്റമാണ് ഇത്. പി എസ് മിത്രനാണ് രചനയും സംവിധാനവും. 

ALSO READ : 450 കോടിയിലും അവസാനിക്കാത്ത പടയോട്ടം; 'പൊന്നിയിന്‍ സെല്‍വന്‍' ഒരു മാസം കൊണ്ട് നേടിയത്

ഛായാഗ്രഹണം ജോര്‍ജ് സി വില്യംസ്, എഡിറ്റിംഗ് റൂബന്‍. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്‍മണ്‍ കുമാര്‍ ആണ് നിര്‍മ്മാണം. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. നേരത്തെ വിജയ്‍യുടെ മാസ്റ്റര്‍, കാർത്തിയുടെ സുൽത്താൻ എന്നീ ചിത്രങ്ങൾ കേരളത്തില്‍ വിതരണം ചെയ്തതും ഫോര്‍ച്യൂണ്‍ സിനിമാസ് ആയിരുന്നു.

Sardar - Sneak Peek 02 | Karthi | Raashii Khanna | Rajisha | Laila | GV Prakash Kumar | P.S Mithran