94 മത് ഓസ്കാര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാകുവാന്‍ മത്സരിച്ച ചിത്രങ്ങളുടെ അവസാന ലിസ്റ്റില്‍ സര്‍ദാര്‍ ഉദ്ധം ഉണ്ടായിരുന്നു. 

ദില്ലി: ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം പ്രകടമായാതിനാലാണ് സര്‍ദാര്‍ ഉദ്ദം (Sardar Udham) ഓസ്കാര്‍ അവാര്‍ഡിനുള്ള (94th Academy Awards) ഇന്ത്യയുടെ ഔദ്യോഗി എന്‍ട്രിയായി (India's Official Entry) തിരഞ്ഞെടുക്കാതിരുന്നതെന്ന് വിശദീകരണം. ജൂറി അംഗമായ ഇന്ദ്രദീപ് ദാസ് ഗുപ്തയാണ് ഈ കാര്യം വ്യക്തമാക്കിയത്. ആഗോള വത്കരണകാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങളുള്ള സിനിമ ആഗോളമത്സരത്തില്‍ അയക്കുന്നത് ശരിയല്ലെന്ന് ഇദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

94 മത് ഓസ്കാര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാകുവാന്‍ മത്സരിച്ച ചിത്രങ്ങളുടെ അവസാന ലിസ്റ്റില്‍ സര്‍ദാര്‍ ഉദ്ധം ഉണ്ടായിരുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അതേ സമയം ജൂറി അംഗത്തിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ എതിര്‍വാദങ്ങള്‍ ഉയരുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഗാന്ധിയുടെ കഥ പറഞ്ഞ അറ്റന്‍ബ്രോയുടെ 'ഗാന്ധി' ചിത്രത്തിന് നിരവധി ഓസ്കാര്‍ കിട്ടിയത് പലരും ഓര്‍മ്മിപ്പിക്കുന്നു.

അതേ സമയം സിനിമ വലിച്ചു നീട്ടിയെന്നാണ് മറ്റൊരു ജൂറി അംഗം പറഞ്ഞത്, 'ഒരു പാടുപേര്‍ സര്‍ദാര്‍ ഉദ്ധം സിനിമയുടെ ക്യാമറ, സൗണ്ട് എന്നീ ഘടകങ്ങള്‍ ഇഷ്ടമാണ്. പക്ഷെ സിനിമ വല്ലാതെ വലിച്ചു നീട്ടിയതായി എനിക്ക് തോന്നിയത്. ക്ലൈമാക്സും വളരെ വൈകിപ്പോയി. ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ യഥാര്‍ത്ഥ വേദന ജനങ്ങളില്‍ എത്താന്‍ സമയം എടുത്തു. - മറ്റൊരു ജൂറി അംഗം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി മൈക്കിള്‍ ഒഡ്വയറെ ലണ്ടനില്‍ വച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വിപ്ലവകാരിയാണ് സര്‍ദാര്‍ ഉദ്ധം സിങ്ങ്. ഇദ്ദേഹത്തിന്‍റെ ജീവിതകഥയാണ് ഷുജിത് സിര്‍കാര്‍ സംവിധാനം ചെയ്ത് സര്‍ദാര്‍‍ ഉദ്ധം പറയുന്നത്. വിക്കി കൌശാലാണ് ഉദ്ധം സിംഗിനെ അവതരിപ്പിച്ചത്. 

അതേ സമയം 94-ാമത് അക്കാദമി അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുക ഒരു തമിഴ് ചലച്ചിത്രമാണ്. പി എസ് വിനോദ്‍രാജ് എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ 'കൂഴങ്കല്‍' എന്ന ചിത്രമാണ് ഓസ്‍കറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്‍കര്‍ പുരസ്‍കാരത്തിന് ചിത്രം മത്സരിക്കും.