Asianet News MalayalamAsianet News Malayalam

'ഊണുകഴിക്കലില്‍ പോലും ഒരു നാട്ടിന്‍പുറത്തുകാരന്‍റെ സ്വാഭാവികത'; 'ആര്‍ക്കറിയാ'മിലെ ബിജു മേനോനെക്കുറിച്ച്

"ഷറഫുദ്ദീനും പാർവ്വതിയും ഇടയ്ക്ക് വന്നു പോകുന്ന 'ഭാസി' എന്ന കഥാപാത്രമടക്കം എല്ലാവരും അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ബിജു മേനോൻ എന്ന നടനാണ് ഈ സിനിമയുടെ ജീവൻ"

sathyan anthikad about performance of biju menon in aarkkariyam
Author
Thiruvananthapuram, First Published May 21, 2021, 5:47 PM IST

ലോക്ക്ഡൗണിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്‍റെ സംവിധായക അരങ്ങേറ്റമായ 'ആര്‍ക്കറിയാം'. എന്നാല്‍ ജനം തിയറ്ററില്‍ പോകാന്‍ മടിച്ചുനിന്ന കാലയളവായതിനാല്‍ വിജയം നേടാനായില്ല. വേണ്ടത്ര പ്രേക്ഷകര്‍ ഇല്ലാത്തതിനാല്‍ പല സെന്‍ററുകളിലും ഷോകള്‍ ക്യാന്‍സല്‍ ചെയ്‍ത അനുഭവവുമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ചിത്രം കാണാനാഗ്രഹിച്ച പലര്‍ക്കും അതിനു കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒടിടി റിലീസ് നടത്തിയ ചിത്രം പ്രേക്ഷകപ്രീതി നേടുകയാണ് ഇപ്പോള്‍. ആമസോണ്‍ പ്രൈമും നീസ്ട്രീനും ഉള്‍പ്പെടെ ആറ് പ്ലാറ്റ്ഫോമുകളിലാണ് ചിത്രം 19ന് റിലീസ് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. പല മേഖലകളിലെ മികവുകളെക്കുറിച്ച് പറയുന്ന അദ്ദേഹം ബിജു മേനോന്‍റെ അഭിനയത്തെക്കുറിച്ച് എടുത്ത് പറയുന്നു. ഇട്ടിയവിര എന്ന 72 വയസ്സുകാരനായിട്ടാണ് ബിജു മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ്

റിലീസ് ചെയ്‍ത സമയത്ത് കാണാൻ പറ്റാതെ പോയ സിനിമയാണ് 'ആർക്കറിയാം'. ഇന്നലെ ആമസോൺ പ്രൈമിൽ കണ്ടു. സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണം നിർവ്വഹിച്ച പല സിനിമകളും കണ്ടിട്ടുണ്ട്. ഹിന്ദിയിലും മലയാളത്തിലും. പക്ഷെ പക്വതയുള്ള ഒരു സംവിധായകൻ സാനുവിന്‍റെ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കിത്തന്ന സിനിമയാണ് 'ആർക്കറിയാം'. ഒരു കൊച്ചു കഥയെ ആർഭാടങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ സാനു അവതരിപ്പിച്ചു (ഒട്ടും 'ജാഡ'യില്ലാതെ എന്നാണ് ശരിക്കും പറയേണ്ടത്). ഷറഫുദ്ദീനും പാർവ്വതിയും ഇടയ്ക്ക് വന്നു പോകുന്ന 'ഭാസി' എന്ന കഥാപാത്രമടക്കം എല്ലാവരും അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ബിജു മേനോൻ എന്ന നടനാണ് ഈ സിനിമയുടെ ജീവൻ. ചലനങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ എത്ര ശ്രദ്ധയോടെയാണ് ബിജു പെരുമാറുന്നത്. ഊണു കഴിക്കുമ്പോൾ ആ ചോറ് കുഴച്ച് ഉരുട്ടുന്നതിൽ പോലുമുണ്ട് ഒരു നാട്ടിൻപുറത്തുകാരന്‍റെ സ്വാഭാവികത. രാത്രി, ഭക്ഷണത്തിനു വേണ്ടി ഗേറ്റിനു പുറത്ത് കാത്തിരിക്കുന്ന നാട്ടുനായ്ക്കളുടെ ചിത്രമൊന്നും മനസ്സിൽ നിന്ന് പെട്ടെന്ന് മായില്ല. സാനുവിനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്‍റെ അഭിനന്ദനങ്ങൾ. ദൃശ്യങ്ങൾ മാറുന്നത് ഒരിക്കൽ പോലും അറിയിക്കാതെ എഡിറ്റു ചെയ്ത മഹേഷ് നാരായണന് പ്രത്യേക സ്നേഹം.

Follow Us:
Download App:
  • android
  • ios