ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റെ മകൾ(Makal). നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മീരാ ജാസ്മിൻ തിരികെ എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ജയറാം ആണ് നായകൻ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

'സിനിമേൽ കാണണ പോലെ അത്ര കോമഡിയൊന്നുമല്ലട്ടോ ശ്രീനിവാസൻ,മുത്തച്ഛൻ ജീനിയസാണെന്നാ എല്ലാവരും പറയ. അത് കേട്ടാ അപ്പൊ അങ്ങേർക്ക് നാണം വരേം ചെയ്യും', എന്നീ കുറുപ്പുകളോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധപിടിച്ചു കഴിഞ്ഞു. 

ചിത്രത്തിന് പേര് കണ്ടെത്താൻ കാരണമായത് മകൾ മാളവികയാണെന്ന് കഴിഞ്ഞ ദിവസം ജയറാം പറഞ്ഞിരുന്നു. മകള്‍ മാളവികയെ താൻ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് സത്യൻ അന്തിക്കാട് ആ പേര് സ്വീകരിച്ചതെന്ന് ജയറാം പറയുന്നു.

സാധാരണ സത്യൻ അന്തിക്കാട് സിനിമകള്‍ക്ക് പേരിടുന്നത് വൈകിയാണ് എന്ന് ജയറാം പറയുന്നു. മനപൂര്‍വമല്ല. ആലോചിച്ചാണ് പേരിടുക. നമ്മുടെ സിനിമയുടെ അവസാന ദിവസം ഞാൻ ചോദിച്ചു. പേര് ആയില്ലേയെന്ന്. ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ മറുപടി. അന്ന് എന്റെ മകള്‍ ഷൂട്ടിംഗ് കാണാൻ വന്നിരുന്നു. മോള് വന്നതു കാരണം ഷൂട്ട് കാണാൻ കുറെ കുടുംബങ്ങളും എത്തി. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍ മകളാണ്, എന്റെ മകള്‍ എന്ന് ഞാൻ പറഞ്ഞു. സത്യൻ അന്തിക്കാടും അത് കേട്ടു. എന്നിട്ട് എന്റെ അടുത്ത് വന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഇതാണ് നമ്മുടെ ടൈറ്റില്‍, 'മകള്‍'. ഒരു അച്ഛൻ തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം ചിത്രം പേരിട്ടതാണ്. അങ്ങനെയാണ് മകള്‍ ഉണ്ടായതെന്നും ജയറാം പറഞ്ഞു. 

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. മീരാ ജാസ്‍മിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഒരു കുറിപ്പോടെയായിരുന്നു സംവിധായകൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരുന്നത്. 

'മകൾ' ഒരുങ്ങുകയാണ്. കൊവിഡിന്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. 'മകൾ' കാത്തിരുന്നത് അതിനു വേണ്ടിയാണ്. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് 'മകൾ' രൂപപ്പെടുന്നത്. ഏതാനും ആBd;കൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീരാ ജാസ്‍മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം 'മകളി'ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നായിരുന്നു സത്യൻ അന്തിക്കാട് എഴുതിയത്.