ഫാസിലിന്റെ വീട്ടിൽ പണ്ട് പോകാറുള്ളപ്പോള്‍ ബര്‍മൂഡ ഇട്ട് നടന്നിരുന്ന പയ്യനെ ഞാൻ എന്റെ നായകനായി കാണേണ്ടി വന്നത് ഏറെ സന്തോഷവും അതിശയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി: ഗ്രാമീണഭംഗിയില്‍ തനി നാടന്‍ കഥകള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതില്‍ സത്യന്‍ അന്തിക്കാടിനുള്ള പ്രാഗല്‍ഭ്യം ഒന്ന് വേറെ തന്നെയാണ്. സത്യന്‍ ചിത്രങ്ങളുടെ വിജയരഹസ്യവും പലപ്പോഴും ഇതൊക്കെ തന്നെയാണ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രവും തീയറ്ററുകളില്‍ ഗംഭീര വിജയമാണ് നേടിയെടുത്തത്. സംവിധായക മികവിനൊപ്പം ഫഹദിന്‍റെ അസാമാന്യപ്രകടനവും ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ തന്നെ തന്‍റെ നായകന്‍റെ മികവിനെയും അത്ഭുതപ്രകടനത്തെയും വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

ഞാന്‍ പ്രകാശന്‍റെ 101 വിജയദിനങ്ങള്‍ ആഘോഷിക്കാനായി നടത്തിയ ചടങ്ങിനെയായിരുന്നു ഫഹദിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് വാചാലനായത്. ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ മോഹന്‍ലാലിനെപ്പോലെ അത്ഭുതപ്പെടുത്തുകയാണ് ഫഹദെന്നായിരുന്നു സത്യന്‍റെ കമന്‍റ്. ഫാസിലിന്റെ വീട്ടിൽ പണ്ട് പോകാറുള്ളപ്പോള്‍ ബര്‍മൂഡ ഇട്ട് നടന്നിരുന്ന പയ്യനെ ഞാൻ എന്റെ നായകനായി കാണേണ്ടി വന്നത് ഏറെ സന്തോഷവും അതിശയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിനോട് പറഞ്ഞിട്ടുള്ളതുപോലെ ക്യാമറയ്ക്ക് മുന്നില്‍ അതിശയിപ്പിക്കാറുണ്ടെന്ന് ഫഹദിനോടും പറയേണ്ടിവന്നെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഫഹദിന്റെ ചില സ്വത സിദ്ധമായ ‘ടച്ചസ്’ കൊണ്ട് സിനിമ മനോഹരമാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സത്യൻ അന്തിക്കാടിനും ഫഹദ് ഫാസിലിനും പുറമെ നസ്രിയ, നിർമാതാവ് സേതു മണ്ണാർക്കാട്, നായിക നിഖില വിമൽ, അ‍ഞ്ജു കുര്യൻ, ഷാൻ റഹ്മാൻ തുടങ്ങി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെല്ലാം ചടങ്ങിനെത്തിയിരുന്നു. കുടുംബങ്ങളുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു ചിത്രത്തിന്‍റെ വിജയം ആഘോഷിച്ചത്.