ചിത്രത്തിന് രസകരമായ പല കമന്‍റുകളും ലഭിക്കുന്നുണ്ട്

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. തങ്ങള്‍ ആഘോഷിക്കുന്ന താരങ്ങളുടെ കുട്ടിക്കാലത്തെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ ആരാധകര്‍ കാലങ്ങളോളം ആഘോഷിക്കാറുണ്ട്. അത്തരത്തിലൊരു ചിത്രം കഴിഞ്ഞ കുറച്ച് കാലമാണ് പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. തമിഴ് താരം സത്യരാജിനൊപ്പമുള്ള ഒരു കുട്ടിയുടെ ചിത്രമാണ് അത്. ഒടിടി പ്ലാറ്റ്ഫോം ആയ മുബി കഴിഞ്ഞ ദിവസം അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പോസ്റ്റ് ചെയ്തതോടെ ഈ ചിത്രം വീണ്ടും വൈറല്‍ ആയിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമാപ്രേമികളുടെ ആകെ ശ്രദ്ധ നേടിയ മലയാളി താരം ഫഹദ് ഫാസില്‍ ആണ് സത്യരാജ് ഓമനിക്കുന്ന കുട്ടി. എണ്‍പതുകളില്‍ നിന്നുള്ള ചിത്രമാണിത്. ഫാസില്‍ സംവിധാനം ചെയ്ത രണ്ട് തമിഴ് ചിത്രങ്ങളില്‍ സത്യരാജ് ആയിരുന്നു നായകന്‍. 1987 ല്‍ പുറത്തെത്തിയ പൂവിഴി വാസലിലേ, 1988 ല്‍ പുറത്തിറങ്ങിയ എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക് എന്നിവയാണ് ആ ചിത്രങ്ങള്‍. ഫാസിലിന്‍റെ തന്നെ മലയാളം ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു ഇവ. പൂവിഴി വാസലിലേ, പൂവിന് പുതിയ പൂന്തെന്നലിന്‍റെയും എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക്, എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന്‍റെയും റീമേക്കുകള്‍ ആയിരുന്നു. ഇതില്‍ ഏതെങ്കിലും ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ളതാവാം പ്രചരിക്കുന്ന ചിത്രം.

Scroll to load tweet…

അതേസമയം ചിത്രത്തിന് രസകരമായ പല കമന്‍റുകളും ലഭിക്കുന്നുണ്ട്. കണ്ണ് ഇപ്പോഴത്തേതുപോലെ ആകര്‍ഷണീയമാണെന്നതാണ് കൂടുതല്‍ പേരുടെ കമന്‍റുകള്‍. അതേസമയം ആവേശമാണ് ഫഹദിന്‍റെ ഏറ്റവുമൊടുവിലത്തെ റിലീസ്. ജിത്തു മാധവന്‍റെ സംവിധാനത്തിലെത്തിയ ചിത്രം 150 കോടിക്ക് മേല്‍ നേടിയിരുന്നു. ചിത്രത്തിന്‍റെ ഒടിടി റിലീസ് നാളെയാണ്. അതേസമയം പുഷ്പ 2 ഉള്‍പ്പെടെ പ്രേക്ഷകശ്രദ്ധ നേടിയ പല ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്.

ALSO READ : ധ്യാന്‍, സൗബിന്‍, ദിലീഷ്, നമിത; ബോബൻ സാമുവലിന്‍റെ 'മച്ചാൻ്റെ മാലാഖ' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം