ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് നടൻ സൗരഭ് സച്ച്ദേവ, തിരക്കഥാകൃത്ത് ബാഹുൽ രമേശിനെയും സിനിമയുടെ കഥയെയും പ്രശംസിച്ചു.

മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് 'എക്കോ'. കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്. പടക്കളം എന്ന ചിത്രത്തിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തിയ എക്കോയിൽ ബോളിവുഡ് നടനും, ആക്ടിങ്ങ് ട്രെയ്‌നറുമായ സൗരഭ് സച്ച്ദേവയും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ കുര്യച്ചൻ എന്ന കഥാപാത്രമായാണ് സൗരഭ് സച്ച്ദേവ വേഷമിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശിനെയും സിനിമയെയും പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹം.

"ചിത്രത്തിന്റെ സം​ഗീതം കഥയെ വളരെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ബാഹുൽ തിരക്കഥ എഴുതുന്ന രീതിയും ശ്രദ്ധേയമാണ്. ഇതുവരെ ഞാൻ കണ്ടതിൽ മികച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. ഈ സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാവരുടെയും അഭിനയം മാത്രമല്ല, ചിത്രത്തിന്റെ കഥ തന്നെ വളരെ മനോ​ഹരമാണ്. കുര്യച്ചൻ ഒരുപാട് നി​ഗൂഢതകൾ നിറഞ്ഞ കഥാപാത്രമാണ്. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം പ്രേക്ഷകർ തന്നെ കണ്ടെത്തണം. കഥാപാത്രത്തെ കുറിച്ച് ഞാനെന്തെങ്കിലും കൂടുതൽ പറഞ്ഞാൽ പ്രേക്ഷകർക്ക് സ്വയം കണ്ടെത്താനുള്ള അവസരം നഷ്ടപ്പെടും." സൗരഭ് സച്ച്ദേവ പറയുന്നു. എക്കോയുടെ മുംബൈയിൽ നടന്ന പ്രീമിയർ ഷോയ്ക്ക് ശേഷമായിരുന്നു സൗരഭ് സച്ച്ദേവയുടെ പ്രതികരണം.

അനിമൽ ട്രിലജി

കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിലജിയിലെ അവസാന ഭാഗം എന്നും എക്കോയെ വിശേഷിപ്പിക്കാം. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിലജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് തന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്.

YouTube video player