Asianet News MalayalamAsianet News Malayalam

സിനിമാ പ്രേമികളുടെ മനസ്സിൽ ആവേശം നിറച്ച് ലിജോയുടെ ‘ചുരുളി‘; കിംകി ഡുക്കിന് ഐഎഫ്എഫ്കെയിൽ ആദരം

ടാഗോർ തിയേറ്ററിനു മുന്നിൽ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വലിയ ക്യൂവാണ് അനുഭവപ്പെട്ടത്.

second day of iffk premiere churuli in malayalam
Author
Thiruvananthapuram, First Published Feb 11, 2021, 7:10 PM IST

പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ ആവേശം നിറച്ച് ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി‘. മത്സരവിഭാഗത്തിൽ അന്താരാഷ്ട്ര സിനിമകൾക്കൊപ്പം പ്രദർശിപ്പിക്കുന്ന ചുരുളിയുടെ ആദ്യ പ്രദർശനമായിരുന്നു. അന്തരിച്ച കൊറിയൻ സംവിധായകൻ കിം കി ഡുക്കിന് ആദരമായി അദ്ദേഹത്തിന്റെ സ്പ്രിങ് സമ്മർ ഫാൾ ആന്റ് വിന്ററും ഇന്ന് മേളയിൽ പ്രദർശിപ്പിച്ചു. അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പമാണ് ചുരുളിയും പ്രദർശനത്തിനെത്തിയത്.

ടാഗോർ തിയേറ്ററിനു മുന്നിൽ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വലിയ ക്യൂവാണ് അനുഭവപ്പെട്ടത്. മുൻകൂട്ടി റിസർവ്വ് ചെയ്തവർക്ക് മാത്രമേ സിനിമ കാണാൻ അവസരമുണ്ടാകൂവെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും രാവിലെ 6നു തുടങ്ങി മിനിട്ടുകൾക്കകം ബുക്കിങ് തീർന്നതിനാൽ ബുക്ക് ചെയ്യാൻ കഴിയാത്തവരും സിനിമ കാണാനെത്തി. സിനിമയ്ക്ക് കയറാനാകാത്ത നിരാശ ബഹളത്തിലെത്തുകയും ചെയ്തു.

അതേസമയം, സിനിമ കണ്ട് പുറത്തിറങ്ങിയവർക്ക് പറയാനുള്ളത് പേരു പോലെ ത്രസിപ്പിക്കുന്ന നിഗൂഢത നിറഞ്ഞ സിനിമാനുഭവത്തെക്കുറിച്ചായിരുന്നു. അസർബൈജാൻ ചിത്രം ബിലേസുവർ, ബ്രസീലിയൻ ചിത്രം മെമ്മറി ഹൗസ്, ബേഡ് വാച്ചിങ്, കോസ് എന്നിവയും ഇന്ന് മേളയുടെ ആകർഷക ചിത്രങ്ങളായി.

Follow Us:
Download App:
  • android
  • ios