മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റി'ന്‍റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ 29ന് ആരംഭിച്ച ഷെഡ്യൂളാണ് ഇന്ന് പൂര്‍ത്തിയായത്. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം സെപ്റ്റംബര്‍ 29നാണ് പുനരാരംഭിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ രംഗങ്ങള്‍ ആദ്യ ഷെഡ്യൂളില്‍ത്തന്നെ പൂര്‍ത്തീകരിച്ചിരുന്നു.

 

സെപ്റ്റംബര്‍ 19ന് ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ഷെഡ്യൂള്‍ അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പത്ത് ദിവസത്തിനു ശേഷമാണ് ആരംഭിക്കാനായത്. മമ്മൂട്ടിയും മഞ്ജു വാര്യരും ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നതിന്‍റെ പേരില്‍ പ്രഖ്യാപനസമയത്തേ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണിത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

 

രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അതേസമയം മമ്മൂട്ടിയുടേതായി മറ്റൊരു ചിത്രം കൂടി തീയേറ്ററുകളിലെത്താനുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' ആണ് അത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയാണ് മമ്മൂട്ടിയുടെ കഥാപാത്രം.