നടി സീമ ജി. നായർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിന് പരിഹാസ കമന്‍റുകള്‍. ധാർഷ്ട്യത്തിനും അഹങ്കാരത്തിനും വോട്ടിലൂടെ മറുപടി നൽകണമെന്നായിരുന്നു പോസ്റ്റിലെ പ്രധാന ആഹ്വാനം.
കാലങ്ങളായി മലയാള സിനിമ-സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന നടിയാണ് സീമ ജി നായർ. ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി നിൽക്കുന്ന സീമ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇവയ്ക്ക് സപ്പോർട്ടും ഏറെയാണ്. ഏതാനും നാളുകൾക്ക് മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരിൽ ധാരാളം വിമർശനങ്ങളാണ് സീമയ്ക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഇലക്ഷനുമായി ബന്ധപ്പെട്ട് സീമ പങ്കുവച്ച പോസ്റ്റിനും ധാരാളം പരിഹാസ കമന്റുകൾ വന്നിട്ടുണ്ട്. ഇവയ്ക്ക് അതേ നാണയത്തിൽ തന്നെ അവർ മറുപടിയും നൽകുന്നുണ്ട്.
"ഇന്ന് കേരളം വിധിയെഴുതുന്ന ദിവസം. അടുത്ത 5 വർഷം ആര് നമ്മളെ മുന്നോട്ട് നയിക്കണമെന്നു തീരുമാനനമെടുക്കുന്ന ദിവസം. കഴിഞ്ഞു പോയതൊന്നും മറക്കാതെ വോട്ടവകാശം രേഖ പെടുത്തുക ,പ്രിയപ്പെട്ടവർ ഒരുപാടുപേർ ഇന്ന് ജനവിധി തേടുന്നു ,അവരെല്ലാം ജയിച്ചു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു ,ധാർഷ്ട്യങ്ങൾക്കും ,അഹങ്കാരങ്ങൾക്കും ഇന്ന് മറുപടികൊടുത്തില്ലേൽ നമ്മളെന്നാണ് പിന്നെ അതുകൊടുക്കുക", എന്നായിരുന്നു സീമയുടെ പുതിയ പോസ്റ്റ്.
ഇതിന് പിന്നാലെ കമന്റുകളുമായി ഒരു വിഭാഗം രംഗത്ത് എത്തി. "മാങ്കൂട്ടം ഇല്ലാതെ പോയല്ലോ കഷ്‌ടം", എന്നാണ് ഒരാളുടെ കമന്റ്. "ധാർഷ്ട്യം, അഹങ്കാരം. എന്നൊക്കെപ്പറഞ്ഞത് പ്രതിപക്ഷ നേതാവിനെ കുറിച്ചായിരിക്കും. നുണ..എന്ന് കൂടി കൂട്ടിച്ചേർക്കാം", എന്ന കമന്റിന് "ആണൊ ..അയ്യോ ഞാൻ അറിഞ്ഞില്ല", എന്നായിരുന്നു മറുപടി. "ധാർഷ്ട്യം, അഹങ്കാരം, കോഴിത്തരം, പെണ്ണ് പിടി എല്ലാത്തിനും മറുപടി കൊടുക്കാൻ പറയണം കൊച്ചമ്മ", എന്ന കമന്റിന് "അത് കൊടുത്തോളും ,നിന്റെ പാർട്ടിക്ക് ജനങ്ങൾ", എന്നായി സീമ ജി നായരുടെ മറുപടി. ഇത്തരത്തിൽ നിരവധി പരിഹാസ, വിമർശന കമന്റുകൾക്ക് രൂക്ഷമായ ഭാഷയിലും സീമ മറുപടി നൽകിയിട്ടുണ്ട്.
"തേനീച്ചക്കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കും. (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു ) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട", എന്നായിരുന്നു മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കൊണ്ട് സീമ ജി നായർ കുറിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിനിലെതിരായ ചര്‍ച്ചകളും പ്രതിഷേധങ്ങളും കാണുമ്പോള്‍ തനിക്ക് ഓര്‍മ വരുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ തേജോവധമാണെന്ന് സീമ അഭിപ്രായപ്പെട്ടിരുന്നു.



