Asianet News MalayalamAsianet News Malayalam

'പേരിനുപോലും ഇത്തിരി വെളിച്ചം എന്‍റെ മുന്നിൽ ഇല്ല'; ശരണ്യയുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് സീമ ജി നായര്‍

"കഴിഞ്ഞ 10 വർഷമായി എന്‍റെ നെഞ്ചോടു ചേർത്തു പിടിച്ച കുഞ്ഞായിരുന്നു അവള്‍"

Seema G Nair writes an emotional note about actress Sharanya Sasi
Author
Thiruvananthapuram, First Published Aug 29, 2021, 2:20 PM IST

കാൻസറിനോട് ധീരമായ പോരാട്ടം നടത്തി അകാലത്തിൽ മരണത്തിന് കീഴടങ്ങിയ ശരണ്യയുടെ ഓർമകളിലാണ് അവരുടെ പ്രിയപ്പെട്ടവര്‍. ശരണ്യ മരിച്ച് 16-ാം ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച. പത്ത് വർഷത്തോളം ചേർത്തുപിടിച്ച് പരിചരിച്ച ശരണ്യയുടെ സ്വന്തം സീമ ഒരു കുറിപ്പു പങ്കുവച്ചിരിക്കുകയാണ്. തന്‍റെ ഓർമകളിൽ മരിക്കാത്ത ശാരുവിന്‍റെ ഓർമയിൽ നിന്നുള്ള വൈകാരിക കുറിപ്പ്.

സീമ ജി നായരുടെ കുറിപ്പ്

ഇന്ന് 16-ാം ചരമദിനം (ഇങ്ങനെ ഒരു വാക്ക് എഴുതാൻ പോലും എനിക്ക് പറ്റുന്നില്ല). എന്‍റെ ആരുമല്ലായിരുന്നു.. എന്നാൽ എന്‍റെ ആരെല്ലാമോ ആയിരുന്നു.. അവൾ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്‍റെ എല്ലാമായിരുന്നു.. ഒരു സൗഹൃദ സന്ദർശനത്തിൽ തുടങ്ങിയ ബന്ധം.. അതിത്രമാത്രം ആഴത്തിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല.. 

ചിലപ്പോൾ മുജ്ജന്മ ബന്ധമായിരിക്കാം.. അവളുടെ ജീവൻ പിടിച്ചു നിർത്താൻ ആവുന്നത്ര ശ്രമിച്ചു.. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു.. എപ്പോഴും അവൾ ഉയിർത്തെഴുന്നേൽക്കുന്ന പോലെ ഇവിടെയും അങ്ങനെ സംഭവിക്കുമെന്നു പ്രതീക്ഷിച്ചു.. ഒന്‍പതാം തീയതി ഉച്ചയ്ക്ക് 12.40 ന് ഞങ്ങളുടെ കയ്യിൽ നിന്ന് പിടിച്ചു പറിച്ച് അവളെ കൊണ്ടുപോകുമ്പോൾ ഞങ്ങളുടെ നെഞ്ചാണ് പറിച്ചു കളയപെട്ടത്..

ഒരു കാര്യത്തിൽ ഇത്തിരി ആശ്വാസം.. അവൾ പൊരുതിയതുപോലെ ഞങ്ങളും അവസാന നിമിഷം വരെ പൊരുതി.. ഒരു കാര്യവും ഇല്ല എന്ന പേരിൽ ഒന്നിനും ഒരു മുടക്കം വരാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു.. സത്യത്തിൽ അതൊരാശ്വാസം തന്നെയാണ്.. 'സ്നേഹ സീമ'യിൽ നിന്നും അവളുടെ പ്രിയപ്പെട്ട അമ്മയെയും കൂടപ്പിറപ്പുകളെയും അവളെ സ്നേഹിച്ച എല്ലാരേയും വിട്ട് വേദന ഇല്ലാത്ത ലോകത്തേക്ക് ഞങ്ങളുടെ കുഞ്ഞുകിളി പറന്നകന്നു..

കഴിഞ്ഞ 10 വർഷമായി എന്‍റെ നെഞ്ചോടു ചേർത്ത് പിടിച്ച കുഞ്ഞായിരുന്നു.. വർഷാവർഷം എത്തിയിരുന്ന ട്യൂമറിനെ അവൾ ധീരതയോടെ നേരിട്ടു. ഒറ്റ വാക്കിൽ പറഞ്ഞാൽ അതിജീവനത്തിന്‍റെ രാജകുമാരി.. തുടർച്ചയായ 11 സർജറികൾ, 9 എണ്ണം തലയിൽ, 2 എണ്ണം കഴുത്തിൽ.. ഓരോ സർജറി കഴിയുമ്പോളും പൂർവാധികം ശക്തിയോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു.. പക്ഷെ അവസാനം നടന്ന സർജറി കഴിഞ്ഞപ്പോൾ പേടിയായിരുന്നു ഉള്ളിൽ.. അതിനുശേഷം വന്ന വാർത്തകൾ ശുഭകരം ആയിരുന്നില്ല... 

ഉറക്കമില്ലാത്ത രാത്രികൾ.. ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ച നിമിഷങ്ങൾ.. ഒരേ സമയം രണ്ട് മക്കളെ നഷ്ടപ്പെടുന്ന ഒരമ്മയുടെ അവസ്ഥ വാക്കുകളിൽ വിവരിക്കാൻ ആവില്ല.. എങ്ങും ഇരുട്ട് മാത്രം.. പേരിനുപോലും ഇത്തിരി വെളിച്ചം എന്‍റെ മുന്നിൽ ഇല്ല.. ഞാൻ ഈ നിമിഷങ്ങളെ എങ്ങനെ തരണം ചെയ്യും.. അവൾക്ക്‌ ഒന്നിനും ഒരു കുറവുണ്ടാവരുതെന്ന് ആഗ്രഹിച്ചു. അവളുടെ ഇഷ്ടം ആയിരുന്നു എന്‍റെയും.. അവൾ ആഗ്രഹിച്ചതൊക്കെ നേടി കൊടുക്കാൻ എനിക്ക് കഴിഞ്ഞു.. അവൾക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി ഞാൻ നിന്നു.. ശരണ്യയെ ഞങ്ങൾക്ക് തിരിച്ചു കിട്ടണമായിരുന്നു.. അവളുടെ ജീവൻ നിലനിർത്താൻ ചെയ്യാൻ പറ്റുന്ന എല്ലാ ചികിത്സയും ചെയ്തു..

അവസാന നിമിഷം വരെ എനിക്ക് ചെയ്യാൻ പറ്റുന്നതിന്‍റെ പരമാവധി ഞാൻ ചെയ്തു.. പക്ഷെ ഈശ്വരൻ... ഇപ്പോൾ ഒരാഗ്രഹം.. പുനർജ്ജന്മം എന്നൊരു കാര്യം ഉണ്ടായിരുന്നുവെങ്കിൽ, അവളെ ഒരു നോക്ക് കാണാമായിരുന്നു അല്ലെ.. വയലാർ എഴുതിയതു പോലെ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.. ഇനിയൊരു ജന്മം ശരണ്യ മോൾക്കുണ്ടായിരുന്നുവെങ്കിൽ..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios