Asianet News MalayalamAsianet News Malayalam

'യഥാര്‍ഥ ബജറ്റ് 18 കോടി, പക്ഷേ ഹൈപ്പ് സൃഷ്‍ടിക്കാന്‍ ഞങ്ങളത് 32 കോടിയാക്കി'; സെല്‍വരാഘവന്‍ പറയുന്നു

റിലീസ് ചെയ്‍തപ്പോള്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്ന, എന്നാല്‍ പില്‍ക്കാലത്ത് വലിയ പ്രേക്ഷകാംഗീകാരം ലഭിച്ച ചിത്രമായിരുന്നു സെല്‍വരാഘവന്‍റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ 'ആയിരത്തില്‍ ഒരുവന്‍'

selvaraghavan breaks real budget of his movie Aayirathil Oruvan
Author
Thiruvananthapuram, First Published Aug 19, 2021, 11:36 PM IST

സിനിമകളുടെ നിലവാരത്തേക്കാള്‍ വലുപ്പവും നിര്‍മ്മാണ മുതല്‍മുടക്കുമൊക്കെ ചര്‍ച്ചയാവുന്ന കാലമാണിത്. ബോക്സ് ഓഫീസ് കളക്ഷന്‍ പരസ്യത്തിനുവേണ്ടി നിര്‍മ്മാതാക്കള്‍ തന്നെ പോസ്റ്ററുകളില്‍ ഉപയോഗിക്കുന്ന കാലം. തങ്ങളുടെ പ്രിയതാരങ്ങളുടെ കളക്ഷനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റുകളൊക്കെ സര്‍വ്വസാധാരണം. അതേസമയം അവതരിപ്പിക്കപ്പെടുന്ന കണക്കുകളുടെ വിശ്വാസ്യതയെച്ചൊല്ലിയും തര്‍ക്കങ്ങള്‍ ഉയരാറുണ്ട്. ഇപ്പോഴിതാ സിനിമാമേഖലയില്‍ നിന്നുള്ള ഒരാള്‍ തന്നെ അത്തരം കണക്കുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു പ്രസ്‍താവനയുമായി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, പ്രമുഖ തമിഴ് സംവിധായകന്‍ സെല്‍വരാഘവനാണ് സ്വന്തം അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.

റിലീസ് ചെയ്‍തപ്പോള്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്ന, എന്നാല്‍ പില്‍ക്കാലത്ത് വലിയ പ്രേക്ഷകാംഗീകാരം ലഭിച്ച ചിത്രമായിരുന്നു സെല്‍വരാഘവന്‍റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ 'ആയിരത്തില്‍ ഒരുവന്‍'. കാര്‍ത്തി, പാര്‍ഥിപന്‍, റീമ സെന്‍, ആന്‍ഡ്രിയ ജെറമിയ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നു. ചിത്രത്തിന്‍റെ യഥാര്‍ഥ ബജറ്റിനെച്ചൊല്ലിയാണ് സെല്‍വരാഘവന്‍റെ പുതിയ വെളിപ്പെടുത്തല്‍. ചിത്രത്തിന്‍റെ യഥാര്‍ഥത്തിലുള്ള മുടക്കുമുതല്‍ 18 കോടി ആയിരുന്നുവെന്നും എന്നാല്‍ 32 കോടിയെന്നാണ് തങ്ങള്‍ പ്രഖ്യാപിച്ചതെന്നും സെല്‍വരാഘവന്‍ ട്വീറ്റ് ചെയ്‍തു. ഒരു ബിഗ് ബജറ്റ് ചിത്രം എന്ന നിലയിലുള്ള വാര്‍ത്താപ്രാധാന്യം നേടാനാണ് ഇത്തരത്തില്‍ ചെയ്‍തതെന്നും. യഥാര്‍ഥ ബജറ്റ് ചിത്രം കളക്റ്റ് ചെയ്‍തിട്ടും ഇക്കാരണത്താല്‍ ആവറേജ് ഹിറ്റ് ആയാണ് ചിത്രം പരിഗണിക്കപ്പെട്ടതെന്നും കള്ളം പറയാതിരിക്കാനുള്ള പാഠമാണ് തനിക്ക് അതെന്നും സംവിധായകന്‍ പറയുന്നു. 

വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഈ അഭിപ്രായപ്രകടനത്തിന് ലഭിച്ചത്. കണക്കുകളില്‍ വന്‍ സംഖ്യകള്‍ അവതരിപ്പിക്കുന്ന പല സിനിമകളുടെയും പിന്നിലുള്ള യഥാര്‍ഥ വസ്‍തുത ഇതായിരിക്കുമെന്ന തരത്തിലാണ് സിനിമാപ്രേമികളില്‍ പലരുടെയും പ്രതികരണം. ട്വിറ്ററിനൊപ്പം ഫേസ്ബുക്ക് സിനിമാഗ്രൂപ്പുകളിലും ബജറ്റില്‍ മുകളിലെന്ന് അവകാശപ്പെട്ട പല ചിത്രങ്ങളെക്കുറിച്ചും സെല്‍വരാഘവന്‍റെ അഭിപ്രായപ്രകടനത്തിന്‍റെ വെളിച്ചത്തില്‍ ആരാധകര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്.

അതേസമയം 'ആയിരത്തില്‍ ഒരുവന്‍റെ' രണ്ടാംഭാഗം സെല്‍വരാഘവന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2024ല്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തില്‍ ധനുഷ് ആയിരിക്കും നായകന്‍. അതേസമയം ധനുഷ് തന്നെ നായകനാവുന്ന 'നാനേ വരുവേന്‍' ആണ് സെല്‍വരാഘവന്‍റെ അടുത്ത ചിത്രം. കാതല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, മയക്കം എന്ന എന്നിവയാണ് സെല്‍വരാഘവനും ധനുഷും ഒന്നിച്ച ചിത്രങ്ങള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios