'കുഞ്ഞിരാമായണ'ത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപിന്‍റെ രചന

'തിങ്കളാഴ്ച നിശ്ചയം' (Thinkalazhcha Nishchayam) എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ സംവിധായകന്‍ സെന്ന ഹെഗ്‍ഡെയുടെ (Senna Hegde) പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പദ്‍മിനി' (Padmini Movie) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് (Kunchacko Boban) നായകന്‍. ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. 'കുഞ്ഞിരാമായണ'ത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് ചിത്രത്തിന്‍റെ രചന. മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന്‍റെ സഹ രചയിതാവുമായിരുന്നു ദീപു.

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവരാണ് നിര്‍മ്മാണം. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്‍റെ ഭാഗമാവുന്നതെന്ന് ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'മേഡ് ഇന്‍ കാഞ്ഞങ്ങാട്' എന്ന ടാഗ് ലൈനോടെയെത്തി 'തിങ്കളാഴ്ച നിശ്ചയം' മലയാളത്തിലെ സമീപകാല ഒടിടി റിലീസുകളില്‍ ഏറ്റവും ചര്‍ച്ചയായ ചിത്രമാണ്. കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. ഒക്ടോബര്‍ 29ന് സോണി ലിവിലൂടെയാണ് ചിത്രം എത്തിയത്. '0-41*' എന്ന ഡോക്യുമെന്‍ററിയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സെന്ന ഹെഗ്‍ഡെയുടെ ആദ്യ ഫീച്ചര്‍ ചിത്രം കന്നഡയിലായിരുന്നു. 'കഥേയോണ്ട് ഷുരുവാഗിഡേ' എന്ന ചിത്രം 2018ലാണ് പുറത്തെത്തിയത്.