സ്ക്രീനിനു മുൻപിലും പുറത്തും അഭിനയിക്കാൻ കഴിവുള്ളവർ ഒരുപാടു പേരുണ്ടെന്നും അമൃത നായര്‍.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരയായ കുടുംബവിളക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധേയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചുനാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ പത്തോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട് അമൃത. ഇപ്പോൾ ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിൽ രേഖ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പരമ്പര അവസാനിക്കാൻ പോകുന്നതിന്റെ വിഷമം കഴിഞ്ഞ ദിവസം അമൃത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോളിതാ അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ തുറന്നു പറഞ്ഞുകൊണ്ടുള്ള അമൃതയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

അധികം സൗഹൃദങ്ങളൊന്നും ഇല്ലാത്ത ആളാണ് താനെന്നും അമൃത അഭിമുഖത്തിൽ പറഞ്ഞു. ''അധികം സൗഹൃദങ്ങൾ സൂക്ഷിക്കാത്ത വ്യക്തിയാണ് ഞാൻ. സ്കൂളിൽ ഒന്നിച്ചു പഠിച്ച ഒന്നു രണ്ടു പേർക്ക് ഇടയ്ക്ക് മെസേജ് അയക്കാറുണ്ട്, അത്രമാത്രം. പിന്നെ അഭിനയിക്കാനെത്തിയപ്പോൾ എനിക്ക് ഈ ഫീൽഡിൽ കുറച്ച് കൂട്ടുകെട്ടുകളുണ്ടായി. അതിൽ നിന്നൊക്കെ കുറച്ച് പണി കിട്ടിയപ്പോൾ പാഠം പഠിച്ചു. ഇപ്പോ അധികം ഫീൽഡിൽ അധികം സുഹൃത്തുക്കളില്ല'', ജാങ്കോ സ്പേസിനു നൽകിയ അഭിമുഖത്തിൽ അമൃത നായർ പറഞ്ഞു. സ്ക്രീനിനു മുൻപിലും പുറത്തും അഭിനയിക്കാൻ കഴിവുള്ളവർ ഒരുപാടു പേരുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

''റബേക്കയും ഞാനും നല്ല സുഹൃത്തുക്കളാണ്. കളിവീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ച് ഞങ്ങൾ നല്ല കൂട്ടായതാണ്. അവൾക്കൊപ്പം ഇനിയും അഭിനയിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ട്. ഗീതാഗോവിന്ദത്തിന്റെ സെറ്റിലും ജോഷ്‍നയും രേവതിയുമായൊക്കെ നല്ല സൗഹൃദമുണ്ട്'', അമൃത കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക