ഇതിനകം ഒരു മില്യനിനേറെ ആളുകളാണ് ശ്രീകലയുടെ വീഡിയോ കണ്ടിരിക്കുന്നത്.
സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശ്രീകല ശശിധരൻ. ശ്രീകല എന്ന പേരിനേക്കാൾ സോഫി എന്ന പേരിലാണ് ആരാധകർക്കിടയിൽ താരം അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത 'എന്റെ മാനസപുത്രി' എന്ന സീരിയലിലെ പാവം സോഫിയായാണ് ഇപ്പോഴും ആരാധകർ ശ്രീകലയെ സ്‌നേഹിക്കുന്നത്. റേറ്റിംഗിൽ എക്കാലത്തെയും ഹിറ്റായി മാറിയ പരമ്പരകളിൽ ഒന്നായിരുന്നു 'എന്റെ മാനസപുത്രി'. 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്റെ മാനസപുത്രിക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന വേഷത്തിൽ ശ്രീകല തിളങ്ങി. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ശ്രീകല. ഇപ്പോഴിതാ, ശ്രീകല പങ്കുവെച്ച ഒരു നൃത്ത വീഡിയോയും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ശ്രീകലയെക്കുറിച്ചുള്ള വാഴ്ത്തുകളാണ് കമന്റ് ബോക്സ് നിറയെ. ആരാധകർ ശ്രീകലയെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഹിന്ദി ഗാനത്തിനാണ് ശ്രീകല ചുവടുകൾ വെച്ചിരിക്കുന്നത്. ഇതിനകം ഒരു മില്യനിനേറെ ആളുകളാണ് ശ്രീകലയുടെ വീഡിയോ കണ്ടിരിക്കുന്നത്. അൻപതിനായിരത്തിലേറെ ലൈക്കും ഒട്ടനവധി കമന്റുകളും വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രീകലയുടെ നൃത്തവീഡിയോയ്ക്ക് ലഭിച്ചു. ശ്രീകലയെ സോഫി എന്നു വിളിച്ചാണ് പലരും ഇപ്പോഴും അഭിസംബോധന ചെയ്യുന്നതു തന്നെ.
''സീരിയൽ ഇൻഡസ്ട്രിയിലെ മമ്മൂട്ടി... ഇവർക്കൊക്കെ ഒരു മാറ്റവും ഇല്ലല്ലോ'', എന്നാണ് ശ്രീകലയുടെ വീഡിയോയ്ക്കു താഴെ ആരാധകരിൽ ഒരാളുടെ കമന്റ്. ''അന്നും ഇന്നും ഞങ്ങളുടെ സോഫി സോഫി തന്നെ'' എന്നാണ് മറ്റൊരാൾ കുറിച്ചത്. ''സോഫിയെ ഒരിക്കലും മറക്കാൻ ആവില്ല'' എന്നും മറ്റു ചിലർ കമന്റ് ബോക്സിൽ പറയുന്നുണ്ട്.
