മലയാളത്തിന്റെ ഹിറ്റ് സീരിയല്‍ 'സാന്ത്വന'ത്തിന്റെ റിവ്യു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ ഒന്നടങ്കം ഹൃദയംകൊണ്ട് സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം (Santhwanam serial). വാനമ്പാടി നാളുകള്‍ക്കുശേഷം മലയാളിക്ക് സുപരിചിതയായ ചിപ്പി പ്രധാന വേഷത്തിലെത്തിയ പരമ്പര കഥയിലെ ദൃഢതകൊണ്ടും, അഭിനേതാക്കളുടെ കെട്ടുറപ്പുകൊണ്ടും മിനിസ്‌ക്രീനിലെ മിന്നും പരമ്പരയായി മാറുകയായിരുന്നു. 'കൃഷ്‍ണ സ്റ്റോഴ്സ്' എന്ന പലചരക്ക് കട നടത്തുന്ന 'സാന്ത്വനം' കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. 'സാന്ത്വനം' വീട്ടിലെ ജ്യേഷ്‍ഠാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ചടുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ പരമ്പര മുന്നേയും സഞ്ചരിച്ചിട്ടുണ്ടെങ്കിലും, വീട്ടുകാര്‍ ഒറ്റക്കെട്ടായിരുന്നു എന്നതുകൊണ്ട്, പ്രശ്‌നങ്ങളെല്ലാം നിസ്സാരമായി മറികടക്കാന്‍ 'സാന്ത്വന'ത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ പ്രശ്‌നം കുടുംബത്തിന്റെ അടിത്തറ ശിഥിലമാക്കുമോ എന്ന ഭയം കാഴ്ച്ചക്കാരിലേക്കെത്തിക്കാന്‍ പരമ്പരയ്ക്ക് സാധിക്കുന്നുണ്ട്.

'ഹരി'യുടേയും 'അപര്‍ണ്ണ'യുടേയും വിവാഹം പ്രണയവിവാഹം ആയിരുന്നു. പണക്കാരനായ തമ്പിയുടെ മകള്‍ ചെറിയ വീട്ടിലേക്ക് തന്റെ സമ്മതപ്രകാരമല്ലാതെ പോയത്, അച്ഛനായ 'തമ്പി'യെ ചൊടിപ്പിച്ചിരുന്നു. 'അപര്‍ണ്ണ'യുടെ അച്ഛനായ 'തമ്പി' അന്നുമുതല്‍ക്ക് 'സാന്ത്വനം' വീടുമായി പ്രശ്‍നത്തിലാണ്. അതുകാരണം വലിപ്പച്ചെറുപ്പമുള്ള പ്രശ്‍നങ്ങള്‍ 'തമ്പി' 'സാന്ത്വന'ത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാം 'തമ്പി'ക്ക് പാളി പോകുകയായിരുന്നു. പക്ഷെ, പണമില്ലാത്തവനെ മുതലെടുക്കുന്ന തമ്പിയുടെ പുതിയ അടവ് താന്‍ പരിശ്രമിക്കാതെ തന്നെ നടക്കുന്ന മട്ടിലാണുള്ളത്. 'സാന്ത്വനം' വീടിന്റെ വരുമാന മാര്‍ഗ്ഗമായ 'കൃഷ്‍ണ സ്റ്റോഴ്സ്' വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാര്‍. വീട്ടിലെ ഇളയവനായ 'കണ്ണന്‍' ഒഴികെ ബാക്കി എല്ലാവരുംതന്നെ കടയില്‍ തന്നെയാണ് ജോലി നോക്കുന്നതും. സ്വന്തമായൊരു ചെറിയ ഷോപ്പിംഗ് കോംപ്ലക്സാണ് വീട്ടുകാരുടെ മനസ്സിലുള്ളത്. അതിനായുള്ള പണം സ്വരൂപിക്കുന്ന ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു വീട്ടുകാര്‍ എല്ലാവരും. എന്നാല്‍ അതിന്റെ ബാക്കിയെന്നോണം പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണ്.

ഷേപ്പിംഗ് കോംപ്ലക്‌സ് ആരംഭിക്കുന്നതിന് വലിയൊരു തുക ആവശ്യമാണ്. അത് കണ്ടെത്തുന്നതിനായി 'സാന്ത്വനം' വീട് പണയപ്പെടുത്താനാണ് വീട്ടുകാര്‍ ശ്രമിക്കുന്നത്. അമ്മയുടെ പേരിലാണ് 'സാന്ത്വനം' വീടുള്ളത്. എന്നാല്‍ ആധാരം പണയപ്പെടുത്തി ലോണ്‍ എടുക്കണമെങ്കില്‍, തിരിച്ചടയ്ക്കുമെന്ന് ബാങ്കിന് ഉറപ്പുള്ള ആരുടെയെങ്കിലും പേരിലായിരിക്കണം വീടുള്ളത്. അതോടെ മൂത്ത മകനായ ബാലന്റെ പേരിലേക്ക് വീട് എഴുതിവയ്ക്കാനാണ് അമ്മ പറയുന്നത്. ഈയൊരു കാരണം തന്നെയാണ് 'സാന്ത്വനം' വീട്ടിലെ തകിടം മറിച്ചിലിന് കാരണവും.

വീടും സ്വത്തും 'ബാലന്റെ' പേര്‍ക്ക് എഴുതുന്നതിനോട് വീട്ടിലെ മരുമക്കളാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ശരിക്ക് പറഞ്ഞാല്‍ മരുമക്കളുടെ വീട്ടുകാര്‍ക്കാണ് എതിര്‍പ്പുള്ളത്. എല്ലാ മക്കള്‍ക്കും അവകാശമുള്ള വീട് 'ബാലന്റെ' പേരില്‍ ആക്കിയാല്‍ പിന്നീടത് വലിയ പ്രശ്‌നമാകും എന്നാണ് അവര്‍ പറയുന്നത്. ബന്ധം എങ്ങനെയുള്ളതാണെങ്കിലും മക്കളുടെ ഭാവി അനിശ്ചിതത്തിലാകുന്ന ഇത്തരം വിട്ടുവീഴ്ച്ചകള്‍ പാടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 'അപര്‍ണ്ണ'യ്‍ക്ക് പ്രശ്‌നം ഉണ്ടാകുമെന്ന് മിക്കവര്‍ക്കും അറിയാമെങ്കിലും, അഞ്ചു ഇടയുമ്പോഴായിരിക്കും കുടുംബം ശരിക്കും പെട്ടുപോകുക എന്നാണ് എല്ലാവരും പറയുന്നത്. വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.

Read More : സ്വയം ട്രോളി, ഒരു കുത്തിപ്പൊക്കൽ ചിത്രം പങ്കുവച്ച് അച്ചു സുഗന്ധ്