മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം

ഒടിടിയുടെ വരവില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്ന് മോളിവുഡ് ആണ്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് സ്വന്തം സംസ്ഥാനത്തിന് പുറത്ത് റിലീസ് സെന്‍ററുകള്‍ കുറവായ മലയാള ചിത്രങ്ങളെ സംബന്ധിച്ച് വലിയ റീച്ച് ആണ് ഒടിടി സമ്മാനിച്ചത്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ നേടിയത്. ഇപ്പോഴിതാ ആ നിരയില്‍ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ശേഷം മൈക്കില്‍ ഫാത്തിമ. 

മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഡിസംബര്‍ 15 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. നവംബര്‍ 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയാണ് നെറ്റ്ഫ്ലിക്സില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം ഒടിടിയില്‍ നേടിക്കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് 10 ഇന്‍ ഇന്ത്യ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ചിത്രം.

മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം കടന്നുവരുന്ന ചിത്രത്തില്‍ ഫാത്തിമയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന ഫാത്തിമയ്ക്ക് ഒരിക്കല്‍ നാട്ടിലെ സെവന്‍സ് മത്സരത്തിന് കമന്‍ററി പറയാനുള്ള അവസരം ലഭിക്കുകയാണ്. അതിനുശേഷം അറിയപ്പെടുന്ന ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആവാനുള്ള ആഗ്രഹവുമായി നടക്കുകയാണ് ഫാത്തിമ. അതിനായി അവള്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ലിക്സില്‍ ചിത്രം കാണാനാവും. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : ആ ​ഗാനം ചിത്രീകരിച്ചത് ബലൂണ്‍ ലൈറ്റിം​ഗില്‍; 'മലൈക്കോട്ടൈ വാലിബന്‍' സോംഗ് മേക്കിംഗ് വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം