വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങൾ തട്ടി; സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ കേസ്
വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

കാസർകോട്: സിനിമ - ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ചന്തേര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസുകാരിയുടെ പരാതി.
വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി. സംഭവത്തില്‍ ചന്തേര പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
അതിനിടെ, പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിൽ വ്ലോഗർ മല്ലു ട്രാവലറിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രൽ പൊലീസാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ കേസെടുത്തത്. സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
സോഷ്യൽ മീഡിയയിൽ യാത്രാ വീഡിയോകൾ ചെയ്ത് ശ്രദ്ധ നേടിയ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ സൗദി അറേബ്യ പൗരയായ 29കാരിയാണ് പരാതി നൽകിയത്. ബുധനാഴ്ച എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷക്കീർ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതി കേരളത്തിലുണ്ട്.ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഷക്കീർ സുബാൻ കാണാൻ എത്തിയത്. പ്രതിശ്രുത വരനും യുവതിക്കൊപ്പമുണ്ടായിരുന്നു.മറ്റൊരു ആവശ്യത്തിന് യുവാവ് പുറത്തിറങ്ങിയ സമയത്ത് ഷക്കീർ കടന്നുപിടിക്കാൻ ശ്രമിച്ചത്.യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. പരാതി വ്യാജമാണെന്ന് മല്ലു ട്രാവലർ പ്രതികരിച്ചു. തെളിവുകൾ നിരത്തി കേസ് നേരിടുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഷക്കീർ വിദേശത്തായതിനാൽ നിയമനടപടികൾക്ക് വിധേയനാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.