തമിഴകത്ത് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് നടന്‍ ഷാം. ആക്ഷൻ ചിത്രമായ കാവ്യനിലൂടെയാണ് താരത്തിന്‍റെ തിരിച്ചുവരവ്. ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുകയാണ് ചിത്രം. മലയാളിയായ കെ വി ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്‍റെ രചയിതാവും സംവിധായകനും നവാഗതനായ സാരഥിയാണ്.

കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ ലിംഗുസാമി പുറത്തിറക്കിയ കാവ്യന്‍റെ ട്രെയിലറിന് നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഹോളിവുഡ് ശൈലിയിലുള്ള ആക്ഷൻ ത്രില്ലറായ ചിത്രത്തിലെ നായിക, മലയാളചിത്രം ജോസഫില്‍ തിളങ്ങിയ ആത്മീയയാണ്. ശ്രീദേവി കുമാറാണ് മറ്റൊരു നായിക. ചിത്രത്തിലൂടെ ആത്മീയ തമിഴിലേക്കും തിരിച്ചെത്തുകയാണ്.

 

അമേരിക്കയിലെ വെടിവപ്പുകളില്‍ ഇന്ത്യാക്കാര്‍ ഇരകളാകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയത്തിന്‍റെ ദൃശ്യാവിഷ്ക്കാരമാണ് കാവ്യൻ. വലിയ മുതൽ മുടക്കിൽ തമിഴ്-തെലുങ്കു ഭാഷകളിലായി പൂർണമായും അമേരിക്കയിലെ ലാസ് വേഗാസിൽ വെച്ച് ഹോളിവുഡ് നിലവാരത്തിലായിരുന്നു ചിത്രീകരണമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.

ഹോളിവുഡ് താരങ്ങളായ ജസ്റ്റിൻ വികാഷ്, ലൂക്കസ്, ജെനിഫർ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിവൂഡിലെയും കോളിവുഡിലെയും വിദഗ്ദ്ധരാണ്‌ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത്. എൻ എസ് രാജേഷ് കുമാർ ഛായാഗ്രഹണവും ശ്യാം മോഹൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. 'സ്റ്റണ്ട്' ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.