മിന്നല്‍ മുരളി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍. മിന്നല്‍ മുരളി ടീമിന് എല്ലാ പിന്തുണയും യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സെറ്റ് നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

ഉത്തരവാദിത്തം ഏറ്റെടുത്തും ഈ കാടത്തത്തിന് നേതൃത്വം നല്‍കിയവനെ പ്രകീര്‍ത്തിച്ചും പോസ്റ്റിടാനുള്ള പ്രചോദനം എന്താണെന്ന് ആഭ്യന്തര വകുപ്പ് ആലോചിക്കണമെന്നും ഇന്നലെ പോസ്റ്റിട്ടിട്ടും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ പൊലീസ് എന്തിനാണ് കാത്തിരിക്കുന്നതെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി പ്രസംഗിക്കുന്ന വേദിക്കരികില്‍ ബോംബ് പൊട്ടിച്ചിട്ടും ഇന്ന് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിന്നെയല്ലേ സിനിമാ സെറ്റ് എന്ന് ഇവര്‍ക്ക് തോന്നാതിരിക്കാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ട്. വഴുക്കലില്‍ വടി കുത്തിയ പോലെയാവരുത്, മാതൃകാപരമായിരിക്കണം പൊലീസിന്റെ നടപടിയെന്നും ഇമ്മാതിരി അസഹിഷ്ണുത പ്രകടനത്തിനും വിദ്വേഷ പ്രചാരണത്തിനും തടയിടുന്ന വിധത്തില്‍ പൊലീസ് ശക്തമായി നടപടിയെടുക്കണമെന്നും അദ്ദേബം 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു സിനിമാ സെറ്റിനോടും പോലും തോന്നുന്ന അസഹിഷ്ണുത അവരുടെ മനസ്സില്‍ കുത്തി നിറച്ചവര്‍ ആഗ്രഹിക്കുന്നത് തന്നെയാണവര്‍ ചെയ്യുന്നതും. കേരളീയ പൊതുസമൂഹത്തിന്റെ അംഗീകാരം ഇത്തരം കാര്യങ്ങള്‍ക്ക് ഒട്ടും ലഭിക്കില്ല എന്നറിഞ്ഞിട്ടും ബജ്റംഗ് ദള്‍ ഇത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശവും വ്യക്തമാണ്. ഇത്തരം ചിന്തകള്‍ ഒരാളിലെങ്കിലും ഉണ്ടെങ്കില്‍, ആ എരി തീയില്‍ എണ്ണയൊഴിക്കുക എന്നത് തന്നെയാണത്.

സിനിമയുടെ സംവിധായകന്‍ പറയുന്നത് സെറ്റിടാനുള്ള അനുമതികളെല്ലാം ഉണ്ടായിരുന്നു എന്നാണ്. ഒരു കലാ സൃഷ്ടിക്ക് വേണ്ടിയുള്ള 2 വര്‍ഷത്തെ തയ്യാറെടുപ്പും അദ്ധ്വാനവും വിരലിലെണ്ണാവുന്നവരുടെ സങ്കുചിത ചിന്തകള്‍ക്ക് മുന്നില്‍ തകരുന്ന കാഴ്ച്ച കേരള മണ്ണില്‍ അനുവദിക്കരുത്. 

ഉത്തരവാദിത്തം ഏറ്റെടുത്തും ഈ കാടത്തത്തിന് നേതൃത്വം നല്‍കിയവനെ പ്രകീര്‍ത്തിച്ചും പോസ്റ്റിടാനുള്ള പ്രചോദനം എന്താണെന്ന് ആഭ്യന്തര വകുപ്പ് ആലോചിക്കണം. ഇന്നലെ പോസ്റ്റിട്ടിട്ടും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ പോലീസ് എന്തിനാണ് കാത്തിരിക്കുന്നത്?. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി പ്രസംഗിക്കുന്ന വേദിക്കരികില്‍ ബോംബ് പൊട്ടിച്ചിട്ടും ഇന്ന് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിന്നെയല്ലേ സിനിമാ സെറ്റ് എന്ന് ഇവര്‍ക്ക് തോന്നാതിരിക്കാനുള്ള ഉത്തരവാദിത്വം പോലീസിനുണ്ട് .

വഴുക്കലില്‍ വടി കുത്തിയ പോലെയാവരുത്, മാതൃകാപരമായിരിക്കണം പോലീസിന്റെ നടപടി. ഇമ്മാതിരി അസഹിഷ്ണുത പ്രകടനത്തിനും വിദ്വേഷ പ്രചാരണത്തിനും തടയിടുന്ന വിധത്തില്‍ പോലീസ് ശക്തമായി തന്നെ ആക്ട് ചെയ്യണം. മിന്നല്‍ മുരളി ടീമിന് എല്ലാ പിന്തുണയും യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാവും.