മുംബൈ: ആസിഡാക്രമണത്തിന് ഇരയായ യുവതിയുടെ വിവാഹം നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. താരത്തിന്റെ ഉടമസ്ഥതയിലുള്ള മീർ ഫൗണ്ടേഷനിലെ അന്തേവാസിയായ അനുപമയുടെ വിവാഹമാണ് ഫൗണ്ടേഷൻ ജീവനക്കാരും ഷാരൂഖും ചേർന്ന് നടത്തിയത്. ജ​ഗ്‍ദീപ് എന്നയാളാണ് അനുപമയെ തന്റെ ജീവിതസഖിയാക്കിയത്.

വ്യാഴാഴ്ച വിവാഹിതരായ ദമ്പതികൾക്ക് താരം ട്വിറ്ററിലൂടെ ആശംസകളറിയിച്ചു. 'പുതുജീവിതത്തിലേക്ക് കടക്കുന്ന അനുപമയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍. ജീവിതം പ്രണയംകൊണ്ട് സന്തോഷംകൊണ്ടും നിറയട്ടെ. ജ​ഗ്‍ദീപ് നിങ്ങളാണ് മനുഷ്യൻ', ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു. ദമ്പതികൾക്ക് ആശംസകൾ അറിയിച്ചുക്കൊണ്ടുള്ള താരത്തിന്റെ ഹൃദയഹാരിയായ ട്വീറ്റിന് നന്ദിയറിയിച്ച് നിരവധി ആരാധകരാണ് എത്തിയത്.

'നിങ്ങളുടെ അഭിനയത്തിലും മികച്ച പ്രവൃത്തിയിലും ഞങ്ങളെപ്പോഴും അഭിമാനിക്കുന്നു. ഒരുപാട് ഇഷ്ടം എസ്ആർകെ', എന്നായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവ് ട്വീറ്റ് ചെയ്തത്. 'അവരെ ഒരുമിച്ച് കാണാൻ എന്ത് ഭം​ഗിയാണ്. ദൈവം ഈ ദമ്പതികളെ അനു​ഗ്രഹിക്കട്ട. അവർ ഒരുമിച്ച് ദീർഘകാലം സന്തോഷത്തോടെ ജീവിക്കട്ടെ. അവരുടെ ജീവിതത്തിൽ സന്തോഷം പകർന്നതിന് നന്ദി എസ്ആർകെ', എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ ട്വീറ്റ്. അനുപമയ്ക്ക് പുതുജീവിതം നൽകിയ ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും ആരാധകർ നന്ദിയറിയിച്ചു.

ആസിഡാക്രമണം അതിജീവിച്ചവരെ പുനരദ്ധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2013 ൽ ഷാരൂഖ് ഖാൻ ആംരഭിച്ച് ചാരിറ്റബിൾ ഫൗണ്ടേഷനാണ് മീർ. അന്തരിച്ച ‌‌‌പിതാവ് മീർ താജ് മുഹമ്മദ് ഖാന്റെ സ്മരണാർത്ഥമാണ് സ്ഥാപനത്തിന് മീർ ഫൗണ്ടേൻ എന്ന് പേരിട്ടത്.