തിയറ്ററില്‍ ഒഴിവാക്കിയ ഷാരൂഖിന്റെ ആക്ഷൻ രംഗം കാണാനാകും, ജവാൻ മൂന്ന് മണിക്കൂറാകുന്നു
ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രധാന രംഗങ്ങളാണ് ജവാനോട് ചേര്‍ക്കുന്നത്.

റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ജവാൻ. ബോക്സ് ഓഫീസില്‍ ജവാൻ 1000 കോടി ക്ലബിലേക്ക് അടുക്കുകയാണ്. ഷാരൂഖ് ഖാന്റെ പഠാന്റെ ലൈഫ്‍ടൈം കളക്ഷൻ റെക്കോര്‍ഡ് ജവാൻ ഭേദിക്കുമെന്ന് ഉറപ്പായി. ഒടിടിയിലേക്ക് ജവാൻ എത്തുമ്പോള്‍ തിയറ്ററുകളില്ലാതിരുന്ന രംഗങ്ങള്‍ കൂടി ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നെറ്റ്‍ഫ്ലിക്സിലാണ് ഷാരൂഖ് ഖാൻ നായകനായ ചിത്രം സ്‍ട്രീം ചെയ്യുക എന്നാണ് നിലവിലെ റിപ്പോര്‍ട്ട്. വൻ തുകയ്‍ക്ക് നെറ്റ്ഫ്ലിക്സ് ജവാന്റെ ഒടിടി റൈറ്റ് നേടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഒടിടിയില്‍ ജവാൻ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഡിലീറ്റഡ് രംഗങ്ങളും ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. തിയറ്റര്‍ റിലീസിനായി ജവാനിലെ ആക്ഷൻ രംഗങ്ങളില്‍ ചിലത് ഒഴിവാക്കിയിരുന്നു. ഒടിടിയില്‍ ഇവ ഉള്‍പ്പെടുത്താനാണ് ഷാരൂഖിന്റെയും സംവിധായകൻ അറ്റ്‍ലിയുടെയും തീരുമാനം. അങ്ങനെയായാല്‍ മൂന്ന് മണിക്കൂറോളമാകും ഷാരൂഖ് ചിത്രം ജവാന്റെ ദൈര്‍ഘ്യം.
അതിനിടെയില്‍ റെക്കോര്‍ഡ് കുതിപ്പാണ് ജവാൻ കളക്ഷനില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 907 കോടി നേടിയെന്ന് നിര്‍മാതാക്കള്‍ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഷാരൂഖ് ഖാന്റെ 1000 കോടി ചിത്രമായ പഠാനെ ജവാൻ പിന്നിലാക്കുമെന്ന് ഇതോടെ ഉറപ്പായി. റിലീസിന് ജവാൻ ലോകമെമ്പാടുമായി 125.05 കോടി രൂപയാണ് നേടിയപ്പോഴേ കുതിപ്പ് വ്യക്തമായിരുന്നു. പഠാൻ ആകെ നേടിയത് 1,050.30 കോടി രൂപയായിരുന്നു.
തമിഴ് പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ബോളിവുഡ് താരം ഇത്തവണ ഹിറ്റ് കണ്ടെത്തിയിരിക്കുന്നത്. തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനത്തിലുള്ള ചിത്രം നടൻ ഷാരൂഖ് ഖാന് കരിയറിലെ വമ്പൻ വിജയം സമ്മാനിക്കുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നായികയായെത്തിയത് നയൻതാരയുമാണ്. ജവാനില്‍ ഷാരൂഖ് ഖാന്റെ വില്ലൻ കഥാപാത്രമായത് വിജയ് സേതുപതിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക