നയന്‍താരയാണ് ചിത്രത്തിലെ നായിക

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. കൊവിഡ് കാലത്തിന് ശേഷം പറയത്തക്ക വിജയങ്ങളൊന്നുമില്ലാതിരുന്ന ബോളിവുഡിനെ സംബന്ധിച്ചും ഈ വിജയം നല്‍കുന്ന ആശ്വാസം ചില്ലറയല്ല. എന്നാല്‍ പഠാന്‍ വിജയം നേടുമ്പോള്‍ അതിന്‍റെ ആഘോഷങ്ങളില്‍ മുഴുകുകയല്ല ഷാരൂഖ്. മറിച്ച് അടുത്ത ചിത്രത്തിന്‍റെ ചിത്രീകരണത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് അദ്ദേഹം.

ആറ്റ്‍ലിയുടെ സംവിധാനത്തില്‍ താന്‍ നായകനാവുന്ന അടുത്ത ചിത്രം ജവാന്‍റെ സെറ്റിലാണ് ഷാരൂഖ് ഖാന്‍ ഇന്നലെ ജോയിന്‍ ചെയ്തത്. ഒരു നല്ല പങ്ക് ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ള ജവാന്‍റെ പുതിയ ഷെഡ്യൂള്‍ ഇന്നലെയാണ് ആരംഭിച്ചത്. സെറ്റില്‍ നിന്നുള്ള ഷാരൂഖിന്‍റെയും എക്സ്ട്രാ അഭിനേതാക്കളുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജവാനും. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഇന്നലെ ആരംഭിച്ച ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളും ചിത്രീകരിക്കേണ്ടതുണ്ട്. അതേസമയം ചിത്രീകരണം ഒരുവശത്ത് നടക്കുമ്പോള്‍ മറ്റൊരു വശത്ത് പോസ്റ്റ് പ്രൊഡക്ഷനും തകൃതിയായി മുന്നോട്ടു പോവുകയാണ്. 

ALSO READ : 'റാമി'ല്‍ മോഹന്‍ലാല്‍ മുന്‍ റോ ഏജന്‍റ്? റിപ്പോര്‍ട്ടുകള്‍

Scroll to load tweet…

നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍സിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമാണ് ഇത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്‍റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം.