ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'ജവാനി'ലെ നായിക നയൻതാരയാണ്.

ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാന്റെ' ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. നയൻതാര നായികയായും വേഷമിടുന്ന 'ജവാന്റെ' ടീസര്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ പ്രൊജക്റ്റിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ വിഘ്‍നേശ് ശിവന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഷാരൂഖ്. ഷാരൂഖിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

താങ്കളുടെ എല്ലാ സ്‍നേഹത്തിനും നന്ദി. നയൻതാര ഒരു വിസ്‍മയമാണ്. ഭര്‍ത്താവേ, താങ്കള്‍ സൂക്ഷിക്കുക, അവര്‍ കുറച്ച് അടിതടകളും ചവിട്ടും പഠിച്ചിട്ടുണ്ട് എന്നും നടൻ ഷാരൂഖ് ഖാൻ തമാശരൂപേണ എഴുതിയിരിക്കുന്നു. ഷാരൂഖ് ഖാന്റെ നായികയായി നയൻതാര ബോളിവുഡില്‍ അരങ്ങേറുന്നതിന്റെ സന്തോഷം നടിയുടെ ഭര്‍ത്താവായ വിഘ്‍നേശ് ശിവൻ നേരത്തെ പങ്കുവെച്ചിരുന്നു. അറ്റ്‍ലി ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'ജവാൻ'.

Scroll to load tweet…

ഷാരൂഖ് ഖാൻ 'ജവാൻ' എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്‍തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം.

'പഠാൻ' ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു. ഷാരൂഖ് ഖാന്റേതായി 'ജവാൻ' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍.

Read More: സുധീര്‍ പറവൂരിന്റെ 'ക്ലിഞ്ഞോ പ്ലിഞ്ഞോ'യ്‍ക്ക് സുരേഷ് ഗോപിയുടെ മിമിക്രി- വീഡിയോ

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്