മുംബൈ: ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമ.. ഇങ്ങനെ തിരക്കിട്ട ഷെഡ്യൂളായിരിക്കും ഓരോ താരങ്ങള്‍ക്കും.  എന്നാല്‍ തന്‍റെ തിരക്ക് പിടിച്ച സിനിമാ ജീവിതത്തിന് ചെറിയൊരു ഇടവേള നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ 'സീറോ' ആണ് ഷാരൂഖിന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രം. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ സീറോയ്ക്ക് ശേഷം മറ്റൊരു ചിത്രത്തിന്‍റെയും കരാറില്‍  ഷാരൂഖ് ഇതുവരെ ഒപ്പിട്ടിട്ടില്ല. കുടുംബത്തിന്‍റെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് തന്‍റെ സിനിമാ ജീവിതത്തിന് വളരെ ചെറിയൊരു ഇടവേള ഷാരൂഖ് നല്‍കിയിരിക്കുന്നത്. 

സിനിമയില്‍ നിന്നെടുത്ത താത്ക്കാലികമായ ഇടവേളയെക്കുറിച്ച് ഷാരൂഖ് പറയുന്നതിങ്ങനെ. 'താന്‍ നിലവില്‍ ഒരു സിനിമയിലും അഭിനയിക്കുന്നില്ല. സാധാരണ ഒരു സിനിമ കഴിയുമ്പോളേക്കും അടുത്തത് തുടങ്ങിയിരിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നുന്നില്ല. കൂടുതല്‍ വായിക്കാനും കഥകള്‍ കേള്‍ക്കാനും സിനിമകള്‍ കാണാനുമാണ് താന്‍ ഇപ്പോള്‍  ആഗ്രഹിക്കുന്നത്. എന്‍റെ മക്കള്‍ ഇപ്പോള്‍ കോളേജിലാണ്. മകള്‍ കോളേജില്‍ പോവുന്നു. മകന്‍റെ പഠനം കഴിയാറായി. അതുകൊണ്ട് തന്നെ ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു'.