എക്സിലെ ജനപ്രിയമായ #AskSRK സെഷനിലൂടെയുള്ള ആരാധകന്റെ ചോദ്യത്തിനാണ് ഷാറൂഖ് പുതിയ ചിത്രത്തെ കുറിച്ചുള്ള മറുപടി നൽകിയത്.
ദില്ലി: ഷാറൂഖ് ഖാനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറേ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളുടെയും അഭിനേതാക്കളുടെയും ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ, ചിത്രത്തിലെ താരനിരയെ കുറിച്ചും ഷൂട്ടിംഗ് അപ്ഡേറ്റുകളെയും കുറിച്ചുള്ള നിരവധി അപ്ഡേറ്റുകൾ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തെ കുറിച്ചുള്ള പ്രധാന അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ഷാറൂഖ് ഖാൻ.
എക്സിലെ ജനപ്രിയമായ #AskSRK സെഷനിൽ തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് ആരാധകർ ചോദിച്ചപ്പോൾ തീർച്ചയായും തന്റെ അടുത്ത ചിത്രം 'കിംഗ്' ആണെന്ന് ഷാറൂഖ് ഖാൻ സ്ഥിരീകരിച്ചു. 'താങ്കളുടെ അടുത്ത സിനിമ എപ്പോഴാണ് റിലീസ് ചെയ്യുന്നത്? അത് കിംഗ് ആണോ അതോ മറ്റേതെങ്കിലും സിനിമയാണോ?' എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ജസ്റ്റ് കിംഗ്....ഈ പേര് കേട്ടിട്ടുണ്ടാകുമല്ലോ' എന്നായിരുന്നു ഷാറൂഖിന്റെ മറുപടി.
'താങ്കളുടെ അടുത്ത സിനിമ എപ്പോഴാണ് വരുന്നത്?' എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. സിദ്ധാർത്ഥ് ആനന്ദ് കിംഗ് സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണെന്ന് ഷാറൂഖ് വീണ്ടും സൂചന നൽകി. 'കുറച്ച് ഷൂട്ട് കഴിഞ്ഞു... ബാക്കി ഷൂട്ട് ഉടൻ ആരംഭിക്കും. ലെഗ് ഷോട്ടുകൾ മാത്രം, പിന്നെ അപ്പർ ബോഡിയിലേയ്ക്ക് നീങ്ങും....ഇൻഷാ അല്ലാഹ് , അത് വേഗത്തിൽ പൂർത്തിയാകും. സിദ്ധാർത്ഥ് ആനന്ദ് ഇതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്' എന്ന് ഷാറൂഖ് ഖാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം, സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന സിനിമയുടെ സെറ്റിൽ ഷാറൂഖ് ഖാന് പരിക്കേറ്റതായുള്ള നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും ചിത്രത്തിന്റെ ഷെഡ്യൂളിൽ കാലതാമസം നേരിട്ടതായും ഈ സെപ്റ്റംബറിൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായാണ് കിംഗ് എത്തുന്നത്.
ദി ആർക്കീസ് (2023) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച മകൾ സുഹാന ഖാനുമൊത്താണ് ഷാറൂഖ് ഖാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി, ജാക്കി ഷ്രോഫ്, അർഷാദ് വാർസി, അഭയ് വർമ്മ തുടങ്ങി നിരവധി താരങ്ങൾ കിംഗിൽ അണിനിരക്കുമെന്നാണ് സൂചന. 2026 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.


