2023-ലെ വമ്പന്‍ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും സിദ്ധാര്‍ഥ് ആനന്ദിനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് കിംഗ്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങള്‍ ആരൊക്കെ? വൈവിധ്യങ്ങള്‍ ഏറെയുള്ള ഇന്ത്യന്‍ സിനിമാ ലോകത്തെക്കുറിച്ച് കുറച്ചെങ്കിലും അറിവുള്ള ആരോട് ചോദിച്ചാലും അവര്‍ പറയുന്ന ലിസ്റ്റില്‍ ഷാരൂഖ് ഖാന്‍ ഉണ്ടാവും. അഥവാ ഷാരൂഖ് ഖാനെ ഒഴിവാക്കി അത്തരമൊരു ലിസ്റ്റ് സാധ്യവുമല്ല. കൊവിഡിന് ശേഷം ബോളിവുഡിലെ സീനിയര്‍ താരങ്ങള്‍ക്കൊക്കെ പഴയ മട്ടിലുള്ള വിജയം അന്യമായപ്പോള്‍ ബോളിവുഡിനെ തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തിയത് ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ആയിരുന്നു. രണ്ട് 1000 കോടി ക്ലബ്ബ് ചിത്രങ്ങളാണ് 2023 ല്‍ അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയത്. 2003 ന് ശേഷം ഇതുവരെ അദ്ദേഹത്തിന്‍റെ ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടുമില്ല.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാന്‍ ചിത്രം ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല. എന്നാല്‍ ബോളിവുഡ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ആ വരവ് ഈ വര്‍ഷം ഉണ്ടാവും. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രം ക്രിസ്മസിനാണ് തിയറ്ററുകളില്‍ എത്തുന്നത്. പഠാന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്നതിനാല്‍ ഇതിനകം വന്‍ ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രം പ്രീ റിലീസ് ബിസിനസിലും നേട്ടം കൊയ്യുകയാണ്. അത്തരത്തില്‍ ഒരു റെക്കോര്‍ഡും ചിത്രം ഇതിനകം നേടിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ഇനത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്ന തുകയെക്കുറിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ഇന്ത്യ മുഴുവനുമുള്ള വിതരണാവകാശം വിറ്റ വകയില്‍ ചിത്രം നേടിയിരിക്കുന്നത് 250 കോടിയാണെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ രംഗത്തെ മുന്‍നിരക്കാരായ പെന്‍ മരുധര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് ചിത്രത്തിന്‍റെ പാന്‍ ഇന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ ബജറ്റ് 350 കോടി ആണെന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. പ്രീ റിലീസ് ബിസിനസുകളിലൂടെ നിര്‍മ്മാതാക്കള്‍ സേഫ് ആവുകയുമാണ്.
ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് എത്രത്തോളമെന്നതിന് തെളിവാകുകയുമാണ് വിതരണാവകാശ തുക. ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രധാന എതിരാളികള്‍ ആ സമയത്ത് ഇറങ്ങാനിരിക്കുന്ന ഹോളിവുഡില്‍ നിന്നുള്ള പ്രധാന റിലീസുകള്‍ ആണ്. ജുമാന്‍ജി: ഓപണ്‍ വേള്‍ഡ്, അവെഞ്ചേഴ്സ്: ഡൂംസ്‍ഡേ, ഡ്യൂണ്‍ പാര്‍ട്ട് 3 എന്നിങ്ങനെ പോകുന്നു ഹോളിവുഡിന്‍റെ ക്രിസ്മസ് ലൈനപ്പ്. എന്നാല്‍ പോസിറ്റീവ് അഭിപ്രായം വന്നാല്‍ ഇന്ത്യയില്‍ ഒരു ഷാരൂഖ് ഖാന്‍ ചിത്രത്തിന് ഏത് എതിരാളി വന്നാലും ഒന്നുമാകില്ല എന്നതാണ് യാഥാര്‍ഥ്യം.

