1995 ല്‍ പുറത്തെത്തിയ ചിത്രം
സിനിമകളുടെ ജയപരാജയങ്ങള്‍ എപ്പോഴും അപ്രവചനീയമാണ്. വിജയങ്ങളുടെ തുടര്‍ച്ചയില്‍ നില്‍ക്കുന്ന സൂപ്പര്‍താരവും മികച്ച സംവിധായകനും മറ്റ് സാങ്കേതിക വിഭാഗവും ഒക്കെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ എത്തുന്ന ചില ചിത്രങ്ങള്‍ പരാജയപ്പെടാം. എന്നാല്‍ ഒട്ടുമേ പ്രതീക്ഷ പകരാതെ എത്തുന്ന ചില ചിത്രങ്ങള്‍ മികച്ച വിജയവും നേടാം. മറ്റെല്ലാവര്‍ക്കും ഉള്ളതുപോലെ ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍താരമായ ഷാരൂഖ് ഖാനും കരിയറില്‍ അത്തരത്തിലുള്ള ചില പരാജയങ്ങള്‍ ഉണ്ട്. അതിലൊന്ന് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയ ഒരു ചിത്രമാണ്. മുകുള്‍ ആനന്ദ് സംവിധാനം ചെയ്ത ത്രിമൂര്‍ത്തിയാണ് ആ ചിത്രം.
പേര് പോലെ തന്നെ ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം മറ്റ് രണ്ട് പ്രധാന താരങ്ങള്‍ കൂടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ജാക്കി ഷ്രോഫും അനില്‍ കപൂറുമായിരുന്നു അത്. ഷാരൂഖിന് കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ലഭിച്ച വര്‍ഷമായിരുന്നു 1995. കരണ്‍ അര്‍ജുന്‍ എന്ന മറ്റൊരു വലിയ വിജയവും. റാം ജാനെ എന്ന ഹിറ്റും ഗുഡ്ഡു എന്ന ഒരു സെമി ഹിറ്റും ഇതേ വര്‍ഷം തന്നെ എത്തി. ഷാരൂഖ് വിജയത്തിളക്കത്തോടെ നില്‍ക്കുന്ന അതേ വര്‍ഷം ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമായിരുന്നു ത്രിമൂര്‍ത്തി.
ഇറങ്ങിയ സമയത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമായിരുന്നു ത്രിമൂര്‍ത്തി. മുക്ത ആര്‍ട്സിന്‍റെ ബാനറില്‍ സുഭാഷ് ഘായ് ആയിരുന്നു നിര്‍മ്മാതാവ്. ബജറ്റ് 11 കോടി. ബോളിവുഡില്‍ നിന്നു തന്നെയുള്ള ശാന്തി ക്രാന്തി, അജൂബ എന്നീ ചിത്രങ്ങളെ പിന്നിലാക്കിക്കൊണ്ടായിരുന്നു ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോര്‍ഡ് ത്രിമൂര്‍ത്തി സ്വന്തമാക്കിയത്. 1995 ഡിസംബര്‍ 22 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്.
താരനിരയും ബജറ്റുമൊക്കെ സൃഷ്ടിച്ച വന്‍ ഹൈപ്പ് ഓപണിംഗ് കളക്ഷനിലും പ്രതിഫലിച്ചു. ഇന്ത്യയില്‍ നിന്ന് മാത്രം റിലീസ് ദിനത്തില്‍ ഒരു കോടി രൂപയാണ് ചിത്രം നേടിയത്. ഇതും അക്കാലത്ത് റെക്കോര്‍ഡ് ആയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ഓപണിംഗ് വീക്കെന്‍ഡ് കളക്ഷന്‍ 5 കോടിയും ആയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലത്തും നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയില്‍ ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ വീണു. 9 കോടിക്ക് താഴെയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയത്. അതായത് ബജറ്റിനേക്കാള്‍ താഴെ. വിതരണക്കാര്‍ക്ക് കനത്ത നഷ്ടമായിരുന്നു ഈ ചിത്രം. ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് കാരണം 2 കോടി രൂപയ്ക്കൊക്കെയാണ് പല മേഖലകളിലും വിതരണക്കാര്‍ ചിത്രം വാങ്ങിയിരുന്നത്.
മുകുള്‍ ആനന്ദിന്‍റേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രവും ഇതാണ്. 1977 ല്‍ ദസ് എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ മരണപ്പെട്ടു.

