ഷാരൂഖ് സഹ സംവിധായകന് എഴുതിയ കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ( Pathaan).

ഷാരൂഖ് ഖാൻ നായകനായ ചിത്രം പത്താനാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സ്‍പെയിനിലാണ് 'പത്താൻ' ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് നടന്നത്. 'പത്താൻ' എന്ന സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'ഫിറോസ് പത്താൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാരൂഖ് സഹസംവിധായകന് അയച്ച ഒരു കത്താണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ( Pathaan).

അഭിഷേക് അനില്‍ തിവാരി എന്ന സഹസംവിധായകനാണ് ഷാരൂഖ് ഖാന്റെ കത്ത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. പത്താനൊപ്പമുണ്ടായതിന് നന്ദി. നമുക്കെല്ലാവര്‍ക്കും, പ്രത്യേകിച്ച് തനിക്ക് മികച്ച ഒരു അനുഭവമായിരുന്നു. താങ്കളൊരു രത്നമാണ്. സിനിമയില്‍ താങ്കള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാകും. മിസ് ചെയ്യും എന്നുമാണ് ഷാരൂഖ് ഖാൻ ഒപ്പിട്ട കത്തില്‍ എഴുതിയിരിക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രം 'പത്താൻ' റിലീസ് തിയ്യതി പ്രഖ്യാപിച്ച് അടുത്തിടെ ഒരു ടീസര്‍ പുറത്തുവിട്ടിരുന്നു. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം അടുത്ത വർഷം ജനുവരി 25ന് റിലീസ് ചെയ്യുക. ആമിര്‍ ഖാൻ ചിത്രം കണ്ടോയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഷാരൂഖ് ഖാൻ പറഞ്ഞ മറുപടി ചര്‍ച്ചയായിരുന്നു. തമാശ കലര്‍ന്ന ഒരു മറുപടിയായിരുന്നു ഷാരൂഖ് ഖാൻ നല്‍കിയത്. ആദ്യം 'പത്താൻ' സിനിമ കാണിക്കൂവെന്നാണ് ആമിര്‍ ഖാൻ പറഞ്ഞത് എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നതും ടീസറിൽ കാണാം. 'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്ന് ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്.

നേരത്തെ 'ഓം ശാന്തി ഓം', 'ചെന്നൈ എക്സ്‍പ്രസ്', 'ഹാപ്പി ന്യൂ ഇയര്‍' തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്നതാണ് ചിത്രം. 2020ന്റെ അവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. സിദ്ധാര്‍ഥ് ആനന്ദാണ് 'പത്താനി'ന്റെ സംവിധായകന്‍.

ഷാരൂഖ് ഖാൻ നായകനായിട്ടുള്ള ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ട് നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു. 2018ല്‍ 'സീറോ' എന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'സീറോ' വൻ പരാജയമായിരുന്നു. 'പത്താൻ' എന്ന പുതിയ ചിത്രത്തിലാണ് ഇനി ആരാധകരുടെ പ്രതീക്ഷ. റോ ഏജന്റ് 'പത്താനാ'യിട്ടാണ് ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായതിനാല്‍ 'പത്താന്' തിയറ്ററുകളില്‍ മുൻ കാലങ്ങളിലേതു പോലെ ഷാരൂഖ് ഖാന് ആര്‍പ്പുവിളികളുയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

സിദ്ധാര്‍ഥ് ആനന്ദ് ചിത്രമായ 'ഫൈറ്ററും' അടുത്ത വര്‍ഷം റിപ്പബ്ലിക് ദിന റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ നായകൻ. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും 'ഫൈറ്റര്‍' എന്നാണ് ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദീപിക പദുക്കോണാണ് 'ഫൈറ്റര്‍' ചിത്രത്തില്‍ നായികയാകുന്നത്.

Read More : 'പത്താൻ' കെങ്കേമമാക്കാൻ ഷാരൂഖ് ഖാൻ, സെറ്റില്‍ നിന്നുള്ള ഫോട്ടോ പുറത്ത്