മുംബൈ: തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം ‘അർജുൻ റെഡ്ഡി’യുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷാഹിദ് കപൂര്‍ നായകനാവുന്ന ചിത്രം 'കബീര്‍ സിംഗ്' എന്ന പേരിലാണ് റിലീസ് ചെയ്യുക. ഗംഭീര അഭിനയപ്രകടനമാണ് ട്രെയിലറിൽ ഷാഹിദ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ ട്രെയിലർ കണ്ട് മടങ്ങുന്ന തന്റെ പ്രിയപ്പെട്ട ആരാധകർക്ക് ചെറിയൊരു ഉപദേശവുമായാണ് താരം എത്തിയിരിക്കുന്നത്.

ചിത്രത്തിൽ മദ്യം, സി​ഗരറ്റ് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ ഉപയോ​ഗം വലിയ തോതിൽ കാണിക്കുന്നുണ്ട്. ഇതിനെതിരെയാണ് യുവാക്കൾക്ക് കിടിലൻ ഉപദേശവുമായി താരമെത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേദന കാണിക്കാൻ മാത്രമാണ് ലഹരി പദാർത്ഥങ്ങളുടെ ഉപയോ​ഗം കാണിച്ചിരിക്കുന്നത്. എന്നാൽ പ്രേക്ഷകർ‌ അതിലൊന്നും മയങ്ങി വീഴരുതെന്ന് ഷാഹിദ് പറഞ്ഞു.

ഇത് ഹൃദയത്തിൽ നിന്നും വന്ന പ്രത്യേക ചിത്രമാണ്. എനിക്ക് തോന്നുന്നത് മികച്ച ചിത്രങ്ങളെല്ലാം ഹൃദയത്തിൽനിന്ന് നേരിട്ട് വരുന്നവയാണ്. കബീർ സിം​ഗ് തീവ്രവും മനോഹരവുമായ പ്രണയകഥയാണ്. കഥാപാത്രത്തിന്റെ വേദന പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ചില വസ്തുക്കൾ ഉപയോ​ഗിക്കേണ്ടി വരും. അത്തരം വസ്തുക്കൾ ചിത്രത്തിലും ഉപയോ​ഗിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.