ആര്യന്‍ ഖാന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ആര്യന്‍റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചു

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസ് (Drug Party Case) അട്ടിമറിക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ (Shahrukh Khan) ശ്രമിക്കുന്നതായി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau/ NCB) ആരോപിച്ചു. കേസില്‍ എന്‍സിബി കസ്റ്റഡിയിലുള്ള ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍ (Aryan Khan) പുറത്തിറങ്ങിയാല്‍ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ആര്യന്‍റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചു. കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നുവെന്നാണ് എന്‍സിബി ആരോപണം. അതേസമയം ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി നാളെയും വാദം തുടരും.

'തെളിവുകൾ നശിപ്പിക്കുന്നതിനടക്കം സാധ്യത', ആര്യൻ ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എൻസിബി

ആര്യൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഇന്ന് ഹാജരായത്. ആര്യനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലും ഇല്ലെന്നും റോത്തഗി ചൂണ്ടിക്കാട്ടി. സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ല. കേസിലെ പ്രധാന തെളിവായ വാട്‍സ്ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി പറഞ്ഞു. അതേസമയം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയെ മുംബൈയില്‍ നാളെ ചോദ്യം ചെയ്യും. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സാക്ഷിയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം. അഞ്ചംഗ എന്‍സിബി വിജിലന്‍സ് സംഘമാണ് സമീര്‍ വാംഖഡെയെ ചോദ്യം ചെയ്യുക.

'സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല', ആരോപണങ്ങള്‍ നിഷേധിച്ച് ആര്യൻ ഖാൻ

സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്തും ഇന്ന് പുറത്ത് വന്നു. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വച്ചതാണെന്നാണ് വെളിപ്പെടുത്തൽ. ഷാരൂഖ് ഖാനിൽ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീ‌ർ വാംഖഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാൾ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ. കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോവാസിയാണ് ഇടനില നിന്നതെന്നും പറയുന്നു. കസ്റ്റഡിയിലുള്ള ആര്യൻഖാനെ കൊണ്ട് പലരെയും ഫോണിൽ വിളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. നാളെ മുംബൈയിലെത്തുന്ന എൻസിബിയുടെ അഞ്ചംഗ വിജിലൻസ് സംഘമാണ് സമീറിൽ നിന്ന് നേരിട്ട് വിശദീകരണം തേടുക. 

ആര്യൻഖാന്‍റെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് ഇന്ന് ബോംബെ ഹൈക്കോടതിയിൽ ഉന്നയിച്ച കാരണങ്ങളിലൊന്നും സാക്ഷിയുടെ വെളിപ്പെടുത്തലായിരുന്നു. സാക്ഷികളെ ഷാരൂഖിന്‍റെ മാനേജ‌ർ സ്വാധീനിച്ചെന്നാണ് വാദം. എന്നാൽ ഇത് നിഷേധിച്ച ആര്യൻ സാക്ഷികളെ അറിയില്ലെന്ന് കോടതിയിൽ പറഞ്ഞു. അതേസമയം സമീറിനൊപ്പം രണ്ട് വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എഴുതിയതെന്ന് അവകാശപ്പെടുന്ന ഒരു കത്ത് എൻസിപി മന്ത്രി നവാബ് മാലിക് ഇന്ന് പുറത്ത് വിട്ടു. ലഹരി ഇടപാടുകാരുമായുള്ള ബന്ധം ഉപയോഗിച്ച് കിട്ടുന്ന ലഹരി വസ്തുക്കളാണ് പല കേസിലും സമീർ വാംഖഡെ തൊണ്ടിമുതലാക്കുന്നെന്ന് കത്തിൽ ആരോപിക്കുന്നു. ആര്യൻ ഖാന്‍റേതടക്കം ഇത്തരത്തില്‍ കെട്ടിച്ചമച്ച 26 കേസുകളുടെ വിവരങ്ങളും കത്തിലുണ്ട്. ദീപികാ പദുകോൺ അടക്കമുള്ള ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ പണം തട്ടിയെന്നും ആരോപിക്കുന്നു.