ശൈത്യ ജീവിതകഥ പറഞ്ഞ ടാസ്‍കില്‍ ചില സഹമത്സരാര്‍ഥികള്‍ ചിരിച്ചത് ഹൗസില്‍ ചര്‍ച്ചാവിഷയമായിരുന്നു
പ്രെഡിക്ഷൻ ലിസ്റ്റിൽ അധികമൊന്നും കേൾക്കാത്ത, അതേസമയം പ്രേക്ഷകർക്ക് ഏറെക്കുറെ പരിചിതരായ ചില മൽസരാർത്ഥികൾ എല്ലാ തവണയും ബിഗ് ബോസിൽ എത്താറുണ്ട്. ഇത്തവണത്തെ ആ അൺഎക്സ്പെക്റ്റഡ് മത്സരാര്‍ഥി ശൈത്യ സന്തോഷ് ആണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ശൈത്യയുടേത്. കോമഡി സ്‌റ്റാർസ് എന്ന പരിപാടിയിലെ സ്കിറ്റുകളിലൂടെയാണ് ശൈത്യയെ പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്. വൈകാതെ നിരവധി സീരിയലുകളുടെ ഭാഗമായും ശൈത്യ എത്തി. ഇപ്പോഴിതാ ശൈത്യയുടെ മാതാപിതാക്കൾ വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
''ഞങ്ങൾക്ക് ദൈവം തന്ന നിധിയാണ് ശൈത്യ. അതിന് എന്നും ഞാൻ ദൈവത്തിന് നന്ദി പറയും. അവൾ ജനുവിനായിട്ടാണ് അവിടെ നിൽക്കുന്നത്. വഴക്കും ബഹളവും ഉണ്ടാക്കുന്നിടത്തേക്കൊന്നും അവൾ സാധാരണ പോകാറില്ല. അവിടെയും അങ്ങനെ തന്നെയാണ്. പക്ഷേ പറയാനുള്ള കാര്യങ്ങൾ പറയും. ഞങ്ങൾ ഇതിനു മുൻപ് ഇത്ര ദിവസം മാറി നിന്നിട്ടില്ല. ഇപ്പോൾ 24 മണിക്കൂറും ഞങ്ങൾ ടിവിക്ക് മുൻപിലാണ്. അവൾ ഉറങ്ങുമ്പോഴേ ഞങ്ങളും ഉറങ്ങൂ. അവൾ എഴുന്നേൽക്കുന്നതിനു മുൻപേ ഞങ്ങൾ എഴുന്നേൽക്കും. സത്യം പറഞ്ഞാൽ ഇപ്പോൾ കാര്യമായി ഭക്ഷണം ഉണ്ടാക്കൽ ഒന്നും ഇല്ല. കഞ്ഞി വല്ലതും ആയിരിക്കും കുടിക്കുക. അവൾക്ക് നല്ല ഭക്ഷണം കിട്ടാത്തപ്പോൾ ഞങ്ങൾ എങ്ങനെ നല്ല ഭക്ഷണം കഴിക്കും?'', ശൈത്യയുടെ അമ്മ അഭിമുഖത്തിൽ പറഞ്ഞു.
ശൈത്യയുടെ ജീവിതകഥ പറയുന്ന ടാസ്കിൽ ആര്യനും റെനയും ശരത് അപ്പാനിയും ചിരിച്ചതിനെക്കുറിച്ചും ആര്യയുടെ അമ്മ സംസാരിച്ചു. ''ഞാൻ ആരെയും കുറ്റം പറയുന്നില്ല. അവർക്ക് ചിലപ്പോൾ പണത്തിന്റെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടുണ്ടാകില്ല. അതുകൊണ്ടായിരിക്കും ശൈത്യയുടെ കഥ കേട്ട് ചിരി വന്നത്. ശൈത്യയുടെ കഥ പൂർണമായും ആർക്കും അറിയില്ല. അവൾ അനുഭവിച്ചതിൽ പലതും അവിടെ പറഞ്ഞിട്ടില്ല. എന്റെ കുഞ്ഞ് അനുഭവിച്ച യാതനകൾ പലതും ഈ ചിരിക്കുന്നവർക്ക് അറിയില്ല'', ശൈത്യയുടെ അമ്മ പറഞ്ഞു.

