സെൻസർ ബോർഡ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്. 

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നതാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ ആവശ്യം. ഇതിനെതിരെ സിനിമാ സംഘടനകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ തന്‍റെ പേരിലെ കൈലാസ് മാറ്റേണ്ടി വരുമോ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് പരിഹാസ രൂപേണ ചോദിക്കുന്നത്. ചിത്രാഞ്ജലിയിലെ സെൻസർ ബോർഡ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകന്‍.

"വല്ലാത്തൊരു അവസ്ഥയാണിത്. എന്‍റെ പേരിലെ കൈലാസ് എന്ന പേര് ഇനി കുഴപ്പമാവുമോ എന്നാണ്. ആ രീതിയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ആവശ്യമില്ലാതെ വർ​ഗീയ നിറം കൊടുത്ത് കുഴപ്പമുണ്ടാക്കണ്ട. സെന്‍സര്‍ ബോർഡ് കലാരൂപങ്ങളെ ആവശ്യമില്ലാതെ കുത്തി കുത്തി നോവിക്കുകയാണ്. ഞാനിതിൽ ഒരുപാട് ബലിയാടായതാണ്", എന്നായിരുന്നു ഷാജി കൈലാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

അതേസമയം, പേര് മാറ്റവല്‍ കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി കേരള ഹൈക്കോടതി രംഗത്ത് എത്തി. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ജാനകി എന്ന പേരിലെന്താണ് കുഴപ്പം. ഇന്ത്യയിൽ 80 ശതമാനം പേരുകളും മതപരമായി ഉള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിൻ്റെ നാമങ്ങളാണ്. ജാനകിക്ക് എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. സെൻസർ ബോർഡ് മറുപടി പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഹർജിയിലെ നടപടികൾ അനന്തമായി നീട്ടാനാകില്ലെന്നും സെൻസ‍ർ ബോർഡിനോട് കോടതി പറഞ്ഞു. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്