'മനുഷ്യ കമ്പ്യൂട്ടര്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ശകുന്തളാ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മെയ് എട്ടിന് തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. പക്ഷേ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടിവന്നു. അവസാനം തീയേറ്റര്‍ റിലീസ് തന്നെ ഒഴിവാക്കി ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നത്. ആമസോണ്‍ പ്രൈമില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

രസകരമായ വീഡിയോയിലൂടെയാണ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. ശകുന്തളാ ദേവിയായി ചിത്രത്തില്‍ എത്തുന്ന വിദ്യ ബാലന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഒരു ഗണിതപ്രശ്നം പ്രേക്ഷകര്‍ക്കു മുന്നിലേക്ക് വെക്കുകയാണ്. ആ പ്രശ്നത്തിന്‍റെ ഉത്തരമാണ് റിലീസ് തീയ്യതി സംഖ്യകളില്‍ എഴുതിയാല്‍ കിട്ടുന്നത്. ജൂലൈ 31നാണ് ചിത്രം എത്തുക.

അനു മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിദ്യ ബാലനൊപ്പം സാന്യ മല്‍ഹോത്ര, ജിഷു സെന്‍ഗുപ്ത, അമിത് സാധ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.