പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ദൈർഘ്യം കുറച്ചതായി നടൻ ഷമ്മി തിലകൻ അറിയിച്ചു. ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൈർഘ്യം ഏകദേശം മൂന്ന് മണിക്കൂറിൽ നിന്ന് 2 മണിക്കൂർ 45 മിനിറ്റായാണ് കുറച്ചത്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ് - ജയൻ നമ്പ്യാർ ചിത്രം 'വിലായത്ത് ബുദ്ധ'യുടെ ദൈർഘ്യം കുറച്ചതായി നടൻ ഷമ്മി തിലകൻ. സോഷ്യൽ മീഡിയയിൽ ഒരു പ്രേക്ഷകന്‍റെ കമന്‍റിന് മറുപടി നൽകവെയാണ് ചിത്രത്തിൽ ഭാസ്കരൻ മാഷായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഷമ്മി തിലകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേക്ഷകരുടെ അഭിപ്രായം മുഖവിലയ്‍ക്കെടുത്ത് സിനിമയുടെ ദൈർഘ്യം കുറച്ചെന്നാണ് ഷമ്മി തിലകൻ ആരാധകന്‍റെ കമന്‍റിന് മറുപടിയായി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ശേഷം സിനിമയുടെ ദൈർഘ്യത്തെക്കുറിച്ച് ചില പ്രേക്ഷകർ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് (2 മണിക്കൂർ 56 മിനിറ്റ്) ദൈർഘ്യമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 2 മണിക്കൂർ 45 മിനിറ്റാക്കിയിരിക്കുകയാണ്.

പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ ഉടനടി മാറ്റങ്ങൾ വരുത്തിയതിനെ സിനിമാസ്വാദകർ അഭിനന്ദിച്ചിരിക്കുകയാണ്. ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ'യിൽ, പൃഥ്വിരാജ് അവതരിപ്പിച്ച 'ഡബിൾ മോഹൻ' എന്ന കഥാപാത്രത്തിനൊപ്പം ഷമ്മി തിലകൻ അവതരിപ്പിച്ച 'ഭാസ്കരൻ മാഷ്' എന്ന കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ പ്രകടനം കരിയറിലെ തന്നെ മികച്ച ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം നവംബർ 21-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്.ർ

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയംവദ, രാജശ്രീ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്