മലയാളസിനിമയിലെ മോശം പ്രവണതകള്‍ക്ക് എതിരെ പ്രതികരിച്ച് ഷമ്മി തിലകൻ. മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ സംവിവിധായകര്‍ നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15 പേരുടെ ലോബി ആണെന്ന ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ ഷമ്മി തിലകൻ പ്രതികരിച്ചത്. നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നുമൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും പറയുന്നു.  മാഫിയാ സംഘങ്ങളുടെ പിടിയിലാണ് മലയാളസിനിമ എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോയെന്നും ഷമ്മി തിലകൻ ചോദിക്കുന്നു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ സംവിവിധായകര്‍ നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15 പേരുടെ ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്.

ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്‍ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും, അവര്‍ക്ക് ഇഷ്‍ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് തന്നെയല്ലേ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ വിധിന്യായത്തില്‍, തങ്ങളുടെ ഇഷ്ടത്തിനും ഇംഗിതത്തിനും_താളത്തിനും തുള്ളാത്തവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്..?

ഇത് തന്നെയല്ലേ അമ്മ സംഘടനാ ഭാരവാഹികളുടെ ലീക്കായ വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍, പറയുന്ന സൂപ്പര്‍ബോഡി.

അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ കൈക്കൊള്ളുവാന്‍ സംഘടന മൂന്നാംകിട രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് അവര്‍ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേ..? അങ്ങനെയെങ്കില്‍. മാഫിയാ സംഘങ്ങളുടെ പിടിയിലാണ് മലയാളസിനിമ എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ. അതെ, അച്ഛനാണച്ഛാ ശരിയായ ഹീറോ.