കൊച്ചി: സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് അച്ഛൻ എകെ കാസിം. മികച്ച അന്വേഷണമായതിനാലാണ് പ്രതികളെ വേഗത്തിൽ പിടികൂടാനായത്. കേസ് അട്ടിമറിക്കാൻ തെറ്റായ കാര്യങ്ങളാണ് പ്രതികൾ വെളിപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്ന് അറിയില്ലെന്നും എകെ കാസിം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് തുടങ്ങും

അതിനിടെ  ബ്ലാക് മെയിലിങ് കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. മുഖ്യ ആസൂത്രകനായ പാലക്കാട് സ്വദേശി ഷെരീഫാണ് ഷംന കാസിമിനെ കെണിയിൽപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത്. നിരവധി കേസുകളിൽ ഷെരീഫ് ഉൾപ്പെട്ടിട്ടുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഷെരീഫിനായി പൊലീസ് തെരച്ചിൽ തുടങ്ങി. അതേ സമയം പ്രതികളുടെ സിനിമാ ബന്ധത്തിന് തെളിവുകളൊന്നും ഇതുവരേയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ഷംന കാസിമിനെ കല്ല്യാണ തട്ടിപ്പിൽ പെടുത്തിയതിലുള്ള പണമിടപാട് ബന്ധങ്ങളെ കുറിച്ചും ഇന്നത്തെ ചോദ്യം ചെയ്യലിൽ പൊലീസ് വ്യക്തത വരുത്തും.