കൊച്ചി ബ്ലാക് മെയില്‍ കേസില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‍തുവെന്ന പരാതിയിലായിരുന്നു അന്വേഷണം. മുഖ്യപ്രതികള്‍ പിടിയിലുമായി. തുടരന്വേഷണം നടക്കുകയുമാണ്. കേസ് സംബന്ധിച്ച് അഭ്യൂഹങ്ങളും ഉണ്ടാകുന്നുണ്ട്. വിഷയത്തില്‍ പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷംന കാസിം.

പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. ചില മാധ്യമങ്ങളില്‍ വാസ്‍തവവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. കുറ്റക്കാരെയോ അവരുടെ ഗാംഗിനെ കുറിച്ചോ എനിക്ക് അറിയില്ല. ദയവ് ചെയ്‍ത് അത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും മാധ്യമസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നതായും ഷംന കാസിം പറയുന്നു. വ്യാജ പേരുകളുമായി, വ്യാജ മേല്‍വിലാസത്തില്‍ ഒരു കല്യാണ ആലോചനയുമായി ബന്ധപ്പെട്ട് കബളിപ്പിക്കപ്പെട്ടതിനാലാണ് എന്റെ കുടുംബം പരാതി നല്‍കിയത്. അവര്‍ ഞങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്‍തു തുടങ്ങിയപ്പോഴാണ് പരാതി നല്‍കിയത് എന്നും ഷംന കാസിം പറയുന്നു.

അവര്‍ എന്താണ് ചെയ്യാൻ തീരുമാനിച്ചിരുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോഴും അറിയില്ല. നിലവില്‍ കേരള പൊലീസ് സ്‍തുത്യര്‍ഹമായി തന്നെ അവരുടെ ജോലി ചെയ്യുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി അന്വേഷണം തുടരുകയാണ്. അതുകൊണ്ടുതന്നെ ദയവ് ചെയ്‍ത് അന്വേഷണം അവസാനിക്കുന്നതുവരെ എന്റെ കുടുംബത്തിന്റെയോ എന്റെയോ സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞാൻ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയായാല്‍ തീര്‍ച്ചയായും മാധ്യമങ്ങളെ കാണും. വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നു. വഞ്ചിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ മറ്റ് സഹോദരിമാരെ കുറച്ചെങ്കിലും ബോധവതികളാക്കാന്‍ താന്‍ നല്‍കിയ കേസിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഷംന കാസിം കുറിച്ചു. 

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‍ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായിട്ടുണ്ട്. സംഭവത്തിൽ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും ഇത് പ്രതികൾ ഉണ്ടാക്കിയ കഥയാണെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള കണ്ടെത്തൽ. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടുക മാത്രമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തട്ടിപ്പ് ആസൂത്രണം ചെയ്‍തത് മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവും മുഖ്യപ്രതിയുമായ റഫീക്കുമാണ്.

പ്രതികള്‍ക്ക് ഷംന കാസിമിൻറെ ഫോൺ നമ്പർ കൈമാറിയത് സിനിമ മേഖലയിലുള്ള ഒരാളാണ്. തട്ടിപ്പിനെ കുറിച്ച് അറിയാതെയാണ് നമ്പർ കൈമാറിയതെന്നാണ് ഇയാളുടെ മൊഴി. ഇയാളെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേസിൽ ഇതുവരെ എട്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്.

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഒരാളടക്കം മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്. തട്ടിപ്പിന് ഇരയായ മറ്റ് യുവതികളിൽ നിന്ന് പ്രതികൾ കൈക്കലാക്കിയ മാല, വള അടക്കം ഒൻപത് പവൻ സ്വർണാഭരണങ്ങൾ തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഷംന കാസിമിനു പുറമെ മുപ്പതോളം യുവതികളെ ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടന്നാണ് പൊലീസിൻറെ കണ്ടെത്തൽ. നടൻ ധർമ്മജൻ ബോൾഗാട്ടി അടക്കമുള്ളവരുടെ മൊഴി എടുത്തെങ്കിലും ഇവരെ ഇപ്പോൾ പ്രതി ചേർക്കാനുളള സാഹചര്യം ഇല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ ഇവർക്കെതിരെയുള്ള അന്വേഷണം തുടരും.

ഇതിനിടെ തട്ടിപ്പ് സംഘത്തിന് സ്വർണക്കടത്ത് ഉണ്ടായിരുന്നെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കസ്റ്റംസും അന്വേഷണം തുടങ്ങി.