ഒരു സെലിബ്രിറ്റി കുഞ്ഞ് ആയതുകൊണ്ടല്ല ഫോട്ടോ ഇപ്പോള്‍ പുറത്തുവിടാത്തതെന്നും ഷംന കാസിം.

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഷംന കാസിമിന് അടുത്തിടെയാണ് കുഞ്ഞ് ജനിച്ചത്. ഷംന കാസിമിന്റെ കുഞ്ഞിന്റെ പേര് ഹംദാൻ ആസിഫ് അലി എന്നാണ്. ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണ് ഷംന. കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഷംന.

മകൻ ഹംദാന്റെ ഫോട്ടോഷൂട്ട് നടത്തിയതിനെ കുറിച്ച് പ്രേക്ഷകരോട് വിശേഷം പങ്കുവയ്‍ക്കാനാണ് നടി എത്തിയിരിക്കുന്നത്. മോന്റെ മുടി എടുക്കുന്നതിനു മുന്നേ ഫോട്ടോകള്‍ എടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഞാൻ ഫോട്ടോ പുറത്തുവിടുന്നില്ല. ഒരു സെലിബ്രിറ്റി കുഞ്ഞ് ആയതുകൊണ്ടല്ല ഫോട്ടോ പുറത്തുവിടാത്തത്. എന്തായാലും ഞാൻ 40 ദിവസം കഴിഞ്ഞ് അവ പുറത്തുവിടുന്നതായിരിക്കും. ഫോട്ടോഷൂട്ടിന്റെ മേയ്‍ക്കിംഗ് വീഡിയോയാണ് താൻ ഇപ്പോള്‍ ചെയ്യുന്നതെന്നും ഷംന വ്യക്തമാക്കി. കുട്ടിയുടെ മുഖം മറച്ചുവെച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. 'മഞ്ഞു പോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. 'ശ്രീ മഹാലക്ഷ്‍മി' എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. 'മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട്' എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. പിന്നാലെ 'അലി ഭായ്', 'കോളജ് കുമാരൻ', 'ചട്ടക്കാരി', 'ജന്നല്‍ ഓരം' അടക്കം വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. 'ജോസഫ്' എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ 'വിസിത്തിരനി'ല്‍ ഷംനയായിരുന്നു നായികയായി വേഷമിട്ടത്. ആര്‍ കെ സുരേഷ് നായകനായപ്പോള്‍ ചിത്രം പത്മകുമാര്‍ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്.

Read More: സുപ്രിയയ്‍ക്ക് പ്രണയാര്‍ദ്രമായ വിവാഹ ആശംസകളുമായി പൃഥ്വിരാജ്