'നമ്മുടെ സീരിയൽ കണ്ടിട്ട് പ്രണയിക്കണം എന്നെല്ലാം തോന്നി ആ കുട്ടി ഭർത്താവിനെ അങ്ങോട്ട് വിളിച്ച് പ്രശ്‍നമെല്ലാം പരിഹരിച്ചു'.
മലയാള ടെലിവിഷൻ പ്രേക്ഷകർക്കും അല്ലാത്തവർക്കും ഏറെ സുപരിചിതമായ മുഖം. അതാണ് ഷാനവാസ് ഷാനു എന്ന താരം. ഈ ഒരു ഖ്യാതിയോടെയാണ് ഷാനവാസ് ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഷാനവാസ് മാറ്റുരക്കാനെത്തിയതും. ഒടുവിൽ സെക്കൻഡ് റണ്ണർ അപ്പ് എന്ന നേട്ടം സ്വന്തമാക്കിയാണ് ബിഗ്ബോസിൽ നിന്നും ഷാനവാസ് പടിയിറങ്ങിയത്. ഇതോടെ ഷാനവാസിന്റെ ആരാധകവൃന്ദം വർധിക്കുകയും ചെയ്‍തു. താൻ അഭിനയിച്ച ഒരു സീരിയൽ കണ്ട് ഒരു യുവതി ഡിവോഴ്‍സിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് പറയുന്ന ഷാനവാസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യലിടങ്ങളിൽ തരംഗമായിരിക്കുന്നത്. മസ്‍താനിയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചത്.
''ആലുവ സ്വദേശിനിയായ ഒരു കുട്ടി എന്റെ നമ്പർ എങ്ങനെയോ കണ്ടെത്തി വിളിച്ചു. ഡിവോഴ്സിന്റെ വക്കിൽ നിൽക്കുകയായിരുന്നു ആ കുട്ടിയും ഭർത്താവും. ഭർത്താവ് ഈ കുട്ടിയെ വിളിക്കുകയും ഡിവോഴ്സ് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പെൺകുട്ടിക്ക് ആ ബന്ധം മുൻപോട്ട് കൊണ്ടുപോകേണ്ട എന്നായിരുന്നു. എന്നാൽ നമ്മുടെ സീരിയൽ കണ്ടിട്ട് പ്രണയിക്കണം എന്നെല്ലാം തോന്നി ആ കുട്ടി ഭർത്താവിനെ അങ്ങോട്ട് വിളിച്ച് പ്രശ്‍നമെല്ലാം പരിഹരിച്ചു. ഈ കാര്യമൊക്കെ പറഞ്ഞ് എന്നെ ഇങ്ങോട്ട് വിളിച്ച് കരഞ്ഞ് നന്ദിയൊക്കെ പറഞ്ഞു'', എന്നാണ് ഷാനവാസ് അഭിമുഖത്തിൽ പറഞ്ഞത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രൻ എന്ന കഥാപാത്രമാണ് തന്റെ കരിയറിൽ വഴിത്തിരിവായതെന്നും ഷാനവാസ് പറയുന്നു. ''ഇപ്പോ കാണുമ്പോൾ ആ റോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അതുപോലെ, സീത എന്ന സീരിയൽ യൂട്യൂബിൽ വന്നാൽ ട്രെൻഡിങ്ങിൽ നമ്പർ വൺ ആയിരിക്കും. ഹിന്ദി സീരിയലെല്ലാം കാണുന്ന യുവാക്കൾ ഈ പരമ്പര കാണുന്നുണ്ട് എന്ന് അതിന്റെ കമന്റ് ബോക്സ് നോക്കിയാൽ മനസിലാവും'', ഷാനവാസ് കൂട്ടിച്ചേർത്തു.
