മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂടിനെ അഭിനന്ദിച്ച് നടന്‍ ഷെയ്ന്‍ നിഗം. അര്‍ഹതപ്പെട്ട അംഗീകാരമാണ് സുരാജിന് ലഭിച്ചതെന്ന് ഷെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇഷ്‌കിലെ അഭിനയത്തിന് ഷെയ്ന്‍ നിഗവും സുരാജിനൊപ്പം അവസാന ഘട്ട മത്സരത്തിലുണ്ടായിരുന്നു.

‘അര്‍ഹതപ്പെട്ട അംഗീകാരം… മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് ഏട്ടന് ആശംസകള്‍. ഒത്തിരി സ്‌നേഹം അതിലേറെ സന്തോഷം.’ ഷെയ്ന്‍ ഫേസ്ബുക്കിലെഴുതി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജിന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷെയ്‌നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അർഹതപ്പെട്ട അംഗീകാരം... മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ സുരാജ് ഏട്ടന് ആശംസകൾ.. ഒത്തിരി സ്നേഹം അതിലേറെ സന്തോഷം..❤️

Posted by Shane Nigam on Tuesday, 13 October 2020

സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായത്. ‘ബിരിയാണി’ എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായി. ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ചിത്രമായി റഹ്മാൻ സഹോദരൻമാരുടെ വാസന്തി തെരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസിലും സ്വാസികയും മികച്ച സ്വഭാവനടീനടൻമാരായി. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്.