മലയാളത്തിന്റെ യുവ നടൻ ഷെയ്‍ൻ നിഗത്തിനെതിരെയുള്ള വിലക്ക് കഴിഞ്ഞ ദിവസമായിരുന്നു പിൻവലിച്ചത്. താരസംഘടനയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സമവായമായത്. കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം മാത്രമായിരിക്കും ഷെയ്‍ൻ നിഗം വേറെ സിനിമകളില്‍ അഭിനയിക്കുന്നത്. കുറേ നാളുകളായുള്ള തര്‍ക്കത്തിനായിരുന്നു വിരാമമായത്. ഷെയ്‍ൻ നിഗവുമായുള്ള ചര്‍ച്ചയിലെ ധാരണകളുടെ വിശദാംശങ്ങള്‍ പുറത്തായി.

ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനും താരസംഘടനയും തമ്മിലായിരുന്നു ചര്‍ച്ച നടന്നത്. കരാര്‍ ഒപ്പിട്ടുനല്‍കിയതോടെ ഷെയ്‍നിന് എതിരെയുള്ള വിലക്ക് പിൻവലിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ വിലക്ക് പിൻവലിക്കുന്ന തീരുമാനം ഉണ്ടായത്. ഒമ്പതാം തിയ്യതിക്ക് ഷെയ്‍ൻ വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് എത്തണം. മാർച്ച് 28 ശനിയാഴ്‍ചയ്‍ക്കുള്ളില്‍ താടിവച്ചുള്ള രംഗങ്ങള്‍ അഭിനയിച്ച് തീര്‍ക്കണം. മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെ 14 ദിവസം കുർബാനി സിനിമയിൽ താടിവച്ച് അഭിനയിക്കണം. പിന്നീടുള്ള അഞ്ച് ദിവസം താടിയില്ലാതെയും കുര്‍ബാനി സിനിമയിൽ അഭിനയിക്കണം.  വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്‍ടപരിഹാരമായി 16 ലക്ഷം രൂപ വീതം നല്‍കണം തുടങ്ങിയവയാണ് കരാറിലെ വ്യവസ്‍ഥകള്‍.