ഷെയ്‍ൻ നിഗം നായകനായ ചിത്രം 'ഭൂതകാല'ത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍.

ഷെയ്‍ൻ നിഗം (Shane Nigam) നായകനായ ചിത്രം 'ഭൂതകാലം' (Bhoothakalam) പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. രേവതിയും 'ഭൂതകാല'മെന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സോണി ലിവിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഷെയ്‍ൻ നിഗം ചിത്രം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായം. ഷെയ്‍ൻ നിഗത്തിന്റെ അഭിനയം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പില്‍ എല്ലാവരും എടുത്തുപറയുന്നത്. രേവതിയുടെ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിരിക്കുന്നു. 'ഭൂതകാലം' എന്ന ചിത്രം സംവിധാനം ചെയ്‍ത രാഹുല്‍ സദാശിവനെയും അഭിനന്ദിച്ചാണ് സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പുകള്‍.

ഷെയ്‍ൻ നിഗം നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ഭൂതകാലത്തിനുണ്ട്'. 'ഭൂതകാലം' നിര്‍മിക്കുന്നത് ഷെയ്‍ൻ നിഗത്തിന്റെ മാതാവ് സുനില ഹബീബ്, സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവര്‍ ചേര്‍ന്നാണ്. ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിലാണ നിര്‍മാണം. ഷെയ്‍ൻ നിഗമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.

ഷെയ്‍ൻ നിഗം ചിത്രത്തിന്റെ തിരക്കഥ രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബിനു മുരളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളര്‍.