Asianet News MalayalamAsianet News Malayalam

'കൊവിഡ് കാലത്തെ ചിരിമരുന്ന്'; 'ഡോക്ടറി'ന് പ്രശംസയുമായി സംവിധായകന്‍ ഷങ്കര്‍

റിലീസ് ദിനമായിരുന്ന ഇന്നലെ മുതല്‍ പ്രേക്ഷകരും സിനിമാ മേഖലയില്‍ നിന്നുള്ളവരും ഒരേസ്വരത്തില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. 

shankar is all praises about sivakarthikeyan starring doctor
Author
Thiruvananthapuram, First Published Oct 10, 2021, 5:10 PM IST

വന്‍ മൗത്ത് പബ്ലിസിറ്റി നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ശിവകാര്‍ത്തികേയന്‍ (Sivakarthikeyan) ചിത്രം 'ഡോക്ടറി'ന് (Doctor) പ്രശംസയുമായി സംവിധായകന്‍ ഷങ്കര്‍ (Shankar). 'കൊവിഡ് കാലത്തെ ഏറ്റവും മികച്ച ചിരിമരുന്ന്' എന്നാണ് ഷങ്കര്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചതിന് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിന് (Nelson Dilipkumar) അഭിനന്ദനങ്ങള്‍ നേര്‍ന്ന ഷങ്കര്‍ ശിവകാര്‍ത്തികേയനും സംഗീതവിഭാഗം കൈകാര്യം ചെയ്‍ത അനിരുദ്ധിനും നന്ദിയും അറിയിച്ചു. 'തിയറ്റര്‍ അനുഭവം തിരിച്ചുവന്നിരിക്കുന്നത് കാണുന്നതില്‍ ഏറെ സന്തോഷം', ഷങ്കര്‍ ട്വീറ്റ് ചെയ്‍തു.

റിലീസ് ദിനമായിരുന്ന ഇന്നലെ മുതല്‍ പ്രേക്ഷകരും സിനിമാ മേഖലയില്‍ നിന്നുള്ളവരും ഒരേസ്വരത്തില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. തമിഴ്നാട്ടില്‍ നിന്നു മാത്രമുള്ള ആദ്യദിന കളക്ഷന്‍ 6.40 കോടിയെന്നാണ് അനൗദ്യോഗിക കണക്ക്. കേരളമൊഴികെ തിയറ്റര്‍ തുറന്ന മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎസില്‍ വ്യാഴാഴ്ച രാത്രിയിലെ പെയ്‍ഡ് പ്രിവ്യൂസ് അടക്കമുള്ള ഓപണിംഗ് കണക്ഷന്‍ 1.30 ലക്ഷം ഡോളര്‍ (97.6 ലക്ഷം രൂപ) ആണ്. ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ ഇന്നലെ സിംഗപ്പൂരില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്നലെ ഡോക്ടര്‍. മലേഷ്യയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'വരുണ്‍ ഡോക്ടര്‍' എന്ന പേരിലാണ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

'മെഡിക്കല്‍ ക്രൈം ത്രില്ലര്‍' എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ച ചിത്രം പതിവിനു വിപരീതമായി ശനിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് ചിത്രത്തിന്‍റെ മിക്കവാറും എല്ലാ ഷോകളും ഹൗസ്‍ഫുള്‍ ആണ്. പൂജ അവധി ദിനങ്ങളിലേക്കും തിയറ്ററുകളിലെ ഈ തിരക്ക് തുടരുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു ഇത്. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ്. 'കോലമാവ് കോകില' ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം. വിജയ്‍യുടെ പുതിയ ചിത്രം 'ബീസ്റ്റ്' സംവിധാനം ചെയ്യുന്നതും ഇദ്ദേഹമാണ് എന്നതിനാല്‍ വിജയ് ആരാധകരും ചിത്രത്തിന് വലിയ പ്രചരണം നല്‍കുന്നുണ്ട്. അതേസമയം കേരളത്തിലെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാന്‍ ഇനിയും കാത്തിരിക്കണം.

Follow Us:
Download App:
  • android
  • ios