ഷെബി ചൗഘട്ട് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ത്രില്ലർ ചിത്രമായ പുൽപ്പള്ളി എക്സ്പ്രസിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലര്‍ പടമാണിതെന്നാണ് സൂചന.

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പുല്‍പ്പള്ളി എക്സ്പ്രസ്' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമാണിതെന്നാണ് ഇതിന്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന. പുൽപ്പള്ളി എക്സ്പ്രസിന്റെ രചന നിർവഹിച്ചിരിക്കുന്നതും ഷെബി ചൗഘട്ട് ആണ്.

അനുശ്രീ, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, വിഷ്ണു അഗസ്ത്യ,സംഗീത, ദേവ നന്ദ, സാബുമോന്‍, അബുസലിം, ഇര്‍ഷാദ് അലി, സുജിത് ശങ്കര്‍, വിനീത് തട്ടില്‍, പാര്‍വതി ആര്‍ കൃഷ്ണ, സ്റ്റീവ് മങ്കിടി, യോഹന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സോണി മങ്കിടിയാണ് പുൽപ്പള്ളി എക്സ്പ്രസിന്റെ നിർമാണം. രാജീഷ് രാമൻ ഛായാഗ്രഹണവും, സോബിൻ സോമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത് വിവേക് ​​കൃഷ്ണ ആണ്. ജെയിൻ ജോർജ്ജ് ആണ് അധിക സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

അതേസമയം, ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തിലൂടെ നീതിനിഷേധങ്ങളിലേക്ക് വിരൽചൂണ്ടുന്ന ചിത്രം, വേറിട്ട ആഖ്യാനശൈലിയും പരീക്ഷണാത്മക സമീപനവും കൊണ്ട് ശ്രദ്ധേയമാകുന്നു. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി.എസ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരീക്ഷണാത്മക സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഷെബി ചൗഘട്ട്. ‘ടൂറിസ്റ്റ് ഹോം’, ‘കാക്കിപ്പട’ എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ ചലച്ചിത്ര സമീപനം അവതരിപ്പിച്ച സംവിധായകന്റെ പുതിയ ചിത്രമെന്ന നിലയിലും ‘വേറെ ഒരു കേസ്’ ശ്രദ്ധ നേടുന്നുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming