ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ട ശേഷം മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്

കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതായ വാര്‍ത്തയില്‍ പ്രതികരണവുമായി സംവിധായകന്‍ സോഹന്‍ സീനുലാല്‍. യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഷൈനിന്‍റെ പെരുമാറ്റത്തില്‍ നിന്നും ക്യാബിന്‍ ക്രൂവിന് ഉണ്ടായ തെറ്റിദ്ധാരണയാണ് അതെന്നും സോഹന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഷൈന്‍ വളരെ ക്ഷീണിതനായിരുന്നു. ഫ്ലൈറ്റില്‍ കയറിയ ഉടനെ അദ്ദേഹം സീറ്റില്‍ കിടന്ന് ഒന്ന് ഉറങ്ങാന്‍ നോക്കി. അപ്പോള്‍ ക്യാബിന്‍ ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. മലയാളികള്‍ക്കറിയാം ഷൈനിന്‍റെ ഒരു രീതി. ഷൈന്‍ പെട്ടെന്ന് എണീറ്റ് അങ്ങോട്ട് നീങ്ങിയപ്പോള്‍ ക്യാബിന്‍ ക്രൂ കരുതിയത് ഷൈന്‍ കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നു എന്നാണ്. കോക്ക്പിറ്റില്‍ കയറാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതിന്‍റെ കാര്യം അദ്ദേഹത്തിന് ഇല്ലല്ലോ. ഇത് ദുബൈ വിമാനത്താവള അധികൃതരോടും ക്യാബിന്‍ ക്രൂവിനോടുമൊക്കെ പറഞ്ഞു മനസിലാക്കാന്‍ ഒരുപാട് സമയം എടുത്തു. അടുത്ത ഫ്ലൈറ്റില്‍ ഷൈന്‍ കൊച്ചിയിലേക്ക് വരും, സോഹന്‍ സീനുലാല്‍ പറയുന്നു.

ALSO READ : 'എലോണി'ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; സെന്‍സറിംഗ് പൂര്‍ത്തിയാക്കി ഷാജി കൈലാസ്, മോഹന്‍ലാല്‍ ചിത്രം

ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 934 വിമാനത്തിന്‍റെ കോക്ക്പിറ്റിലേക്ക് ഷൈന്‍ കയറാന്‍ ശ്രമിച്ചതായായിരുന്നു ആരോപണം. ദുബൈ വിമാനത്താവളത്തിലാണ് അനിഷ്ട സംഭവം ഉണ്ടായത്. ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ട ശേഷം മുക്കാല്‍ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതേസമയം നടനെതിരെ കൂടുതല്‍ നടപടി ഉണ്ടാവില്ല. കോക്ക്പിറ്റില്‍ കയറിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നെന്നാണ് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം. അബദ്ധം പറ്റിയതാണെന്ന വിശദീകരണം മുഖവിലയ്ക്കെടുത്ത അധികൃതർ താരത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു.പൈലറ്റ് പരാതി നൽകാതിരുന്നതും ഷൈനിന് അനുകൂലമായി. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്‍ത ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടിയാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷൈന്‍ ടോം ചാക്കോ ദുബൈയില്‍ എത്തിയത്.

ഷൈൻ ടോം ചാക്കോ കോക്പിറ്റിൽ കയറിയിട്ടില്ലെന്ന് സോഹൻ സിനുലാൽ | Shine Tom Chacko | Sohan Seenulal