മുംബൈ: ബോളിവുഡ് യുവതാരത്തിന്‍റെ മരണത്തില്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ പിതാവിനോട് സഹതാപമുണ്ടെന്നും എന്നാല്‍ നിരവധി കാര്യങ്ങള്‍ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്നും ശിവസേനാ എംപി സഞ്ജയ് റാവത്ത്. പിതാവ് കെ കെ സിംഗുമായി സുശാന്ത് ഐക്യത്തിലായിരുന്നില്ലെന്നാണ് ശിവസേന മുഖപത്രമായ സാമ്നയുടെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ സഞ്ജയ് റാവത്ത് വിശദമാക്കുന്നത്. എത്ര തവണ പട്നയില്‍ പിതാവിനെ കാണാനായി സുശാന്ത് പോയിട്ടുണ്ട്? സുശാന്തിന്‍റെ പിതാവിനോട്  തനിക്ക് സഹതാപമുണ്ട് എന്നാല്‍ നിരവധിക്കാര്യങ്ങള്‍ ഈ കേസില്‍ പുറത്തുവരാനുണ്ട് എന്നാണ് സാമ്നയിലെ ലേഖനത്തില്‍ സഞ്ജയ് റാവത്ത് വിശദമാക്കുന്നത്. 

പിതാവിന്‍റെ രണ്ടാം വിവാഹത്തില്‍ സുശാന്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്തുകൊണ്ടാണ് സുശാന്തിന്‍റെ ആദ്യ കാമുകി അങ്കിതയുമായി പിരിഞ്ഞത്. ഇതും അന്വേഷണ വിധേയമാക്കണമെന്നാണ് സഞ്ജയ് റാത്ത് സാമ്നയിലെ ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. നിര്‍ഭാഗ്യകരമായ ഒരു ആത്മഹത്യയെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതില്‍ വിഷമം ഉണ്ടെന്നും സഞ്ജയ് റാവത്ത് പറയുന്നു. എന്നാല്‍ സുശാന്തിന്‍റെ പിതാവ് രണ്ടാം വിവാഹം ചെയ്തിട്ടില്ലെന്നും സഞ്ജയ് റാവത്തിന് തെറ്റായ വിവരമാണ് ലഭിച്ചിരിക്കുന്നതെന്നും സുശാന്തിന്‍റെ ബന്ധു ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 2002ലാണ് സുശാന്തിന്‍റെ അമ്മ മരിച്ചത്. 

സുശാന്തിന്‍റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മുന്‍മാനേജറുടെ മരണവും സംശയകരമാണെന്നും സഞ്ജയ് റാവത്ത് പറയുന്നു. മഹാരാഷ്ട്രയ്ക്കെതിരായ രാഷ്ട്രീയ ആയുധമായാണ് ഈ കേസിനെ ഉപയോഗിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറയുന്നു. ലോകത്തിലെ തന്നെ മികച്ച അന്വേഷണ സംഘമാണ് മുംബൈയിലേതെന്നും റാവത്ത് പറയുന്നു. കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തത് ശിവസേനയെ ചൊടിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് റാവത്തിന്‍റെ ലേഖനം. സുശാന്തിന്‍റെ പിതാവിനെതിരായ തെറ്റായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സുശാന്തിന്‍റെ ബന്ധുക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.